മലയാള സിനിമ മേഖലയിലെ ഓൾ റൗണ്ടറാണ് സലീം ബാബ. സ്റ്റണ്ട് മാനായാണ് അദ്ദേഹത്തിന്‍റെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് അഭിനേതാവും ആക്ഷൻ ഡയറക്‌ടറുമായി ചിത്രമടക്കമുള്ള സിനിമകൾ നിർമിച്ച ഷിർദിസായി ക്രിയേഷനുമായി ചേർന്ന് റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് എന്ന സിനിമ സംവിധാനം ചെയ്‌തു. പ്രമുഖൻ, വലിയങ്ങാടി അങ്ങനെ ആറോളം ചിത്രങ്ങൾ സംവിധാനം ചെയ്‌തു. ഒപ്പം നിരവധി സിനിമകളിൽ സംഘട്ടന സംവിധാനവും നിർവഹിച്ചു.
അദ്ദേഹത്തിന്‍റെ ഏഴാമത്തെ ചിത്രമായ 'പേപ്പട്ടി'യുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു (Salim Baba direct new movie Peppatty). ശിവ ദാമോദർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവ നായകനാകുന്ന ആദ്യ ചിത്രമാണിത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അല്ലി എന്ന ചിത്രത്തിൽ മുഖ്യ പ്രതിനായക വേഷം കൈകാര്യം ചെയ്‌തുകൊണ്ടായിരുന്നു ശിവ ദാമോദറിന്‍റെ സിനിമയിലേക്കുള്ള രംഗപ്രവേശം.
പിന്നീട് വിഷ്‌ണു ഉണ്ണികൃഷ്‌ണനും ബിപിൻ ജോർജും സംവിധാനം ചെയ്‌ത 'വെടിക്കെട്ട്' എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്‌തു. മാർഷൽ ആർട്‌സ് പഠിപ്പിക്കുന്ന അധ്യാപകൻ കൂടിയാണ് ശിവ. ആക്ഷന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധം ഇമോഷണൽ രംഗങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്.
'കുറുവ' എന്ന ചിത്രത്തിൽ സംഘട്ടന സംവിധാനം നിർവഹിക്കാൻ എത്തുമ്പോഴായിരുന്നു ചിത്രത്തിലെ നാല് വില്ലന്മാരിൽ ഒരാളായ ശിവ ദാമോദറിനെ ശ്രീ സലീം ബാബ കണ്ടെത്തുന്നത്. ചിത്രത്തിന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്ക്കുകയാണ് സലീം ബാബയും ശിവ ദാമോദറും. ശ്രീമൂലനഗരം പൊന്നനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നിർമാണം കുര്യാക്കോസ് കാക്കനാട്, സുധീർ കരമന, നെൽസൺ ജോസഫ്, സുനിൽ സുഗത, നേഹ സക്സേന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്. നവാഗതയായ അക്ഷര നായർ ആണ് ചിത്രത്തിലെ നായിക.
ആലുവ മാർക്കറ്റിൽ ചിത്രത്തിലെ ഏറ്റവും വലിയ സംഘടന രംഗം ചിത്രീകരിച്ചിരുന്നു. ആലുവ നഗരവാസികൾ ചിത്രീകരണ സമയത്ത് നൽകിയ സഹകരണം വളരെ മികച്ചതായിരുന്നു എന്നും പ്രധാന കഥാപാത്രം ചെയ്യുന്ന ശിവദാമോദർ അഭിപ്രായപ്പെട്ടു. ചിത്രം 2024 തുടക്കത്തിൽ തിയേറ്ററുകളിലേക്ക് എത്തും.