എറണാകുളം: കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശി ഡാനിയേൽ ആന്‍റണി (ഡാനി 27), എടവനക്കാട് സ്വദേശി സരുൺ (കുക്കു 28) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്‌തത്.
ജനുവരി 16ന് കുഴുപ്പിള്ളിയിലെ വീട്ടില്‍ നിന്നും ഒരു സംഘം തന്നെ തട്ടികൊണ്ട് പോയെന്നും 10 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടുവെന്നും ആരോപിച്ച് സൈജു മുനമ്പം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിലെ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിച്ചതായും പൊലീസ് വ്യക്തമാക്കി.
കൊച്ചിയില്‍ മോഡലുകളുടെ കാര്‍ അപകടത്തില്‍ പെടാന്‍ കാരണം സൈജു തങ്കച്ചന്‍ അമിത വേഗത്തില്‍ കാറിനെ പിന്തുടര്‍ന്നത് കൊണ്ടാണെന്ന് കാര്‍ ഓടിച്ചിരുന്ന അബ്‌ദുറഹ്‌മാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സൈജു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ഉൾപ്പടെ സൈജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി പതിനൊന്ന് കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
Also Read: തട്ടിക്കൊണ്ടുപോയി, വിട്ടയച്ചു; പരാതിയുമായി സൈജു തങ്കച്ചൻ
കഴിഞ്ഞ നവംബർ ഒന്നിന് പുലർച്ചെയായിരുന്ന് ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നില്‍ മോഡലുകൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ഫോർട്ട് കൊച്ചിയിൽ നിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ, മുൻ മിസ് കേരള റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്‌ത കേസിലെ രണ്ടാം പ്രതിയാണ് സൈജു തങ്കച്ചൻ. ഈ കേസിൽ ഉടൻ കുറ്റപത്രം നൽകുമെന്ന് കൊച്ചി ഡിസിപി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ തട്ടി കൊണ്ടുപോയന്ന പരാതിയുമായി പ്രതി പൊലീസിനെ സമീപിച്ചത്.