എറണാകുളം: കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനം അഡ്വ. സൈബി ജോസ് കിടങ്ങൂർ രാജിവച്ചു. അസോസിയേഷൻ സെക്രട്ടറിക്ക് സൈബി ജോസ് കിടങ്ങൂർ കൈമാറിയ രാജിക്കത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിച്ചതോടെയാണ് രാജി. ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് സൈബി ജോസിന്‍റെ രാജി.
വിക്കറ്റിന് മുമ്പേ: കോഴ ആരോപണത്തിൽ ഹൈക്കോടതി വിജിലൻസിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ സൈബി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും താൽക്കാലികമായി മാറി നിന്നിരുന്നു. എന്നാല്‍ സൈബിയെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ അഭിഭാഷക യൂണിയനുകളും നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സൈബിയുടെ രാജി.
എന്നാല്‍ തന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ തനിക്കെതിരെ ഒരു കൂട്ടം അഭിഭാഷകർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തെന്ന് രാജിക്കത്തിൽ സൈബി വ്യക്തമാക്കിയിട്ടുണ്ട്.
'കോഴ' തെളിച്ച രാജി: അതേസമയം ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് പറഞ്ഞ് ജഡ്‌ജിമാർക്ക് കൊടുക്കാനെന്ന പേരില്‍ കക്ഷികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നാണ് സൈബി ജോസിനെതിരെയുള്ള കേസ്. തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രാഥമികാന്വേഷണം നടത്തിയതിനു ശേഷം അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബിക്കെതിരെ പൊലീസ് കേസെടുത്തത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവും സൈബിക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്.
ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ഇതുപരിഗണിക്കുന്നതിനിടെ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്നും സത്യം പുറത്തു വരട്ടെയെന്നും സൈബിയോട് കോടതി വ്യക്തമാക്കിയിരുന്നു.