എറണാകുളം: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് സൈബി ജോസ് കിടങ്ങൂരിനോട് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്നും സൈബി കോടതിയിൽ ഉറപ്പും നൽകി. കേസിൽ തത്‌കാലം അറസ്റ്റ് പാടില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വാക്കാൽ വ്യക്തമാക്കുകയും ചെയ്‌തു.
നിലവിൽ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നുമാണ് സർക്കാർ അറിയിച്ചത്. അതേസമയം കോഴ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതും പുറത്തു വരേണ്ടതാണെന്നും കോടതി ഓർമിപ്പിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്‌ചയ്‌ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.
പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ടിലുൾപ്പെടെ തനിക്കെതിരെ തെളിവില്ലെന്നാണ് സൈബി ജോസിന്‍റെ വാദം. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിയ്‌ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് പറഞ്ഞ് ജഡ്‌ജിമാർക്ക് കൊടുക്കണമെന്ന ഉദ്ദേശത്തോടു കൂടി കക്ഷികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നാണ് കേസ്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പ്രാഥമികാന്വേഷണം നടത്തിയതിനു ശേഷം എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.