എറണാകുളം: ഹൈക്കോടതി ജഡ്‌ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകനായ സൈബി ജോസിനെതിരായ പൊലീസ് അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. സംഭവത്തിൽ വസ്‌തുതാപരവും നിഷ്‌പക്ഷവുമായ റിപ്പോർട്ട് ഡിജിപിക്ക് കൈമാറുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ അറിയിച്ചു. കഴിഞ്ഞ ദിവസം രഹസ്യ കേന്ദ്രത്തിൽ വെച്ച് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ സൈബി ജോസിനെ വിശദമായി ചോദ്യം ചെയ്‌തിരുന്നു.
അഭിഭാഷക ഫീസായാണ് പണം വാങ്ങിയെതെന്നാണ് സൈബി ജോസ് പൊലീസിന് മൊഴി നൽകിയതെന്നാണ് സൂചന. ജഡ്‌ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഹൈക്കോടതി വിജിലൻസ് വിഭാഗം ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. മൂന്ന് ജഡ്‌ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്നാണ് ഹൈക്കോടതി വിജിലൻസിന്‍റെ റിപ്പോർട്ട്.
72 ലക്ഷം രൂപ ഇത്തരത്തിൽ കൈപ്പറ്റിയെന്ന് വിജിലൻസ് വിഭാഗത്തിന് നാല് അഭിഭാഷകർ മൊഴി നൽകിയിരുന്നു. ഒരു ജഡ്‌ജിയുടെ പേരിൽ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്‌ത പീഡനക്കേസിൽ നിർമാതാവിൽ നിന്ന് 25 ലക്ഷം രൂപയും ഫീസ് ആയി 15 ലക്ഷം രൂപയുമാണ് സൈബി വാങ്ങിയെന്നാണ് ആരോപണം.
സൈബി സംശയാസ്‌പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും, ആഡംബര ജീവിതമാണ് ഇയാൾ നയിച്ചതെന്നും റിപ്പോർട്ടിലുണ്ട്. വൻ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കി. അഭിഭാഷകനെതിരെ അഡ്വക്കേറ്റ് ആക്‌ട് പ്രകാരം നടപടിയും കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്. അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ ചെയ്യാമെന്നും ഹൈക്കോർട്ട് വിജിലൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഹൈക്കോടതി ഫുൾ കോർട്ടിന്‍റെ ശിപാർശയിലുള്ള സൈബി ജോസിനെതിരായ പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രാഥമികാന്വേഷണ റിപ്പോർട്ട് പൊലീസ് മേധാവിക്ക് സമർപ്പിക്കുന്നത്.
Also read: സൈബി ജോസ് ഹാജരായ കേസില്‍ അസാധാരണ നടപടി; പ്രതികളുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ചുവിളിച്ചു