എറണാകുളം: ട്വന്‍റി ട്വന്‍റി പ്രവർത്തകൻ ദീപുവിന്‍റെ കൊലപാതകം ആസൂത്രിതമെന്ന് സംഘടനയുടെ ചീഫ് കോ - ഓർഡിനേറ്റർ സാബു എം.ജേക്കബ്. കൊലപാതകത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണ്. കുന്നത്ത് നാട് എം.എൽ.എ പി.വി ശ്രീനിജന് സംഭവത്തിൽ പങ്കുണ്ട്. എം.എൽ.എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു.
കൊലപാതകത്തിന് മുമ്പും ശേഷവും എം.എൽ.എ പ്രതികളുമായി സംസാരിച്ചിട്ടുണ്ടന്നും സാബു എം. ജേക്കബ് ആരോപിച്ചു. എം.എൽ.എയുടെ ഫോണുകൾ കസ്റ്റഡിയിലെടുത്ത് പരിശോധിക്കണം. തന്നെയും കിറ്റക്‌സ് കമ്പനിയേയും ട്വന്‍റി ട്വന്‍റിയേയും ഇല്ലാതാക്കുകയാണ് എം.എൽ.എയുടെ ലക്ഷ്യം. ആരെയും ആക്രമിക്കാനുള്ള ലൈസൻസ് എം.എൽ.എ ഗുണ്ടകൾക്ക് നൽകിയിരിക്കുകയാണ്.
ട്വന്‍റി ട്വന്‍റി ഭരിക്കുന്ന നാല് പഞ്ചായത്തിലെ ജനങ്ങൾക്ക് ഭയം കാരണം പ്രതികരിക്കാൻ കഴിയുന്നില്ല. അർഹതയില്ലാത്ത ആൾക്ക് അധികാരവും സമ്പത്തും കിട്ടിയതിലുള്ള ഭവിഷത്താണ് ജനങ്ങൾ അനുഭവിക്കുന്നതെന്നും സാബു ജേക്കബ് ആക്ഷേപിച്ചു. വിളക്ക് അണയ്ക്കല്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി വീടുകൾ കയറിയിറങ്ങി തിരിച്ച് വരുമ്പോൾ പതിയിരുന്ന് ദീപുവിനെ ആക്രമിക്കുകയായിരുന്നു.
ALSO READ ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകന്‍ സി.കെ. ദീപുവിന്‍റെ പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ
പുറമെ പരിക്കുകളില്ലാത്ത പ്രൊഫഷണൽ രീതിയിലുള്ള കൊലപാതകമാണ് നടത്തിയത്. സംഭവമറിഞ്ഞ് പതിനഞ്ച് മിനിട്ടിന് ശേഷം വാർഡ് മെമ്പർ എത്തുമ്പോഴും കഴുത്തിന് കുത്തി പിടിച്ച് മർദിക്കുകയായിരുന്നു. അവരെയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണി കാരണമാണ് ദീപു ആശുപത്രിയിൽ പോകാൻ വൈകിയത്.
കഴിഞ്ഞ പത്ത് മാസമായി ട്വന്‍റി ട്വന്‍റി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. അമ്പതോളം പ്രവർത്തകർക്ക് മർദനമേറ്റിട്ടുണ്ട്. കേരളം വിട്ട് പോയാലോയെന്ന് ആലോചിക്കുകയാണ്. ഇവിടെ ജീവിക്കാൻ ഭയമാണെന്നും സാബു ജേക്കബ് പറഞ്ഞു.
ദീപുവിനെ ചികിത്സിച്ച ആശുപത്രിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ആദ്യ രണ്ട് തവണ പരിശോധിച്ചപ്പോഴും കൊവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ഇപ്പോൾ പോസിറ്റീവ് ആണന്ന് പറയുന്നു. ദ്വീപു രക്ഷപ്പെടാൻ സാധ്യതയില്ലന്ന് പറഞ്ഞ ആശുപത്രി അധികൃതർ പിന്നീടിത് മാറ്റി പറയുകയും വെന്‍റിലേറ്ററിൽ നാല് ദിവസം കിടത്തുകയുമായിരുന്നു.
പ്രതികൾക്ക് രക്ഷപ്പെടാൻ സമയം ലഭിക്കുന്നതിന് വേണ്ടിയായിരുന്നോ ഇതെന്ന് സംശയിക്കുകയാണ്. മരണ വിവരം ആദ്യം അറിയിച്ചത് മാധ്യമങ്ങളെയാണ്. പോസ്‌റ്റ് മോർട്ടത്തിൽ വരെ അട്ടിമറി സംഭവിക്കുമെന്ന് ആശങ്കപ്പെടുകയാണെന്നും സാബു എം ജേക്കബ് പറഞ്ഞു.
ALSO READ റഷ്യ യുക്രൈനെ ആക്രമിക്കുമെന്ന് യു.എസ്; റഷ്യയെ ഒറ്റപ്പെടുത്താൻ ബൈഡൻ