എറണാകുളം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന്‍റെ ഭാഗമായി നെടുമ്പാശേരി വിമാനത്താവളത്തിൽ തയ്യാറാക്കിയ ഇടത്താവളം ഉദ്‌ഘാടനം ചെയ്‌തു. (Sabarimala Facilitation Centre At Cochin Airport). ശബരിമലയിലേക്ക് പോകാന്‍ വിമാനത്തില്‍ എത്തുന്ന അയ്യപ്പ ഭക്തന്മാർക്കായാണ് സിയാല്‍ വിമാനത്താവളത്തിനകത്ത് ഇടത്താവളം ഒരുക്കിയത്. ഒന്നാം ടെർമിനലിലെ ആഗമന കവാടത്തിന്‍റെ മുൻവശത്ത് മൂവായിരം സ്‌ക്വയർ ഫീറ്റോളം വലുപ്പത്തിലാണ് പിൽഗ്രീം ഫെസിലിറ്റേഷൻ സെന്‍റർ (Sabarimala Piilgrim Facilitation Centre) സജ്ജമാക്കിയിട്ടുള്ളത്.
പതിനെട്ടു പടികളോടുകൂടിയ ശബരിമല ക്ഷേത്രത്തിന്‍റെ മാതൃകയും, അയ്യപ്പൻ്റെ ചിത്രവും, അതിനു മുന്നിലായി ഹോമകുണ്ഡത്തിന്‍റെ മാതൃകയും ഇടാത്താവളത്തിൽ ക്രമീകരിച്ചിരിക്കുന്നു. ആയിരത്തോളം തീർത്ഥാടകർക്ക് വിരിവെച്ച് വിശ്രമിക്കാനുള്ള സൗകര്യവും, ഇരിക്കാനുള്ള സൗകര്യവും, ശുചിമുറി സൗകര്യവും ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ ഉണ്ട്. ചുക്കുവെള്ളം, ലഘുഭക്ഷണം എന്നിവയും ഭക്തർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഭക്തർക്ക് വിവരങ്ങൾ കൈമാറാനാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഇൻഫർമേഷൻ സെന്‍ററും (Devaswom Board Information Centre) ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. വിമാനങ്ങളുടെ ആഗമനം, പുറപ്പെടൽ എന്നിവ സംബന്ധിച്ച ഡിസ്പ്ലേ ബോർഡും ഫെസിലിറ്റേഷൻ സെൻ്ററിൽ സ്ഥാപിച്ചിട്ടുണ്ട്.
Also Read: ശബരിമലയില്‍ ഭക്തര്‍ക്ക് സഹായമായി 'അയ്യൻ' ആപ്പ്; ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ
സിയാലിന്‍റെ ഫെസിലിറ്റേഷൻ സെന്‍ററിന്‍റെയും, ദേവസ്വം ബോർഡ് ഇൻഫർമേഷൻ സെന്‍ററിന്‍റെയും ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് നിർവ്വഹിച്ചു. ശബരിമലയിൽ പോകാന്‍ എത്തുന്ന അയ്യപ്പ ഭക്തർക്ക് സിയാൽ ഒരുക്കിയിരിക്കുന്ന ഇടത്താവളം ഏറെ സഹായകരവും പ്രയോജനകരവുമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. അയ്യപ്പ ഭക്തർക്ക് വേണ്ടി ഇതാദ്യമായാണ് ഒരു വിമാനത്താവളത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഇടത്താവളം ഒരുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അയ്യപ്പ ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സിയാൽ എംഡി സുഹാസ് ഐഎഎസുമായി പി എസ് പ്രശാന്ത് വിശദമായ ചർച്ച നടത്തി. സിയാൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് ദേവസ്വം ബോർഡിൻ്റെ പൂർണ്ണ പിന്തുണയും പ്രസിഡൻ്റ് പ്രഖ്യാപിച്ചു. ഇടത്താവളം ഒരുക്കാൻ തയ്യാറായ സിയാലിൻ്റെ മാനേജിംഗ് ഡയറക്‌ടറെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും പ്രസിഡൻ്റ് ചടങ്ങിൽ അഭിനന്ദിച്ചു.
Also Read: ശബരിമല തീർഥാടകർക്ക് 24 മണിക്കൂറും സഹായത്തിനായി പൊലീസ് ഹെൽപ്‌ലൈൻ നമ്പർ
സിയാൽ ഡയറക്‌ടർ മനു ഗോപാലകൃഷ്‌ണ പിള്ള, സിയാലിലെ മറ്റ് ഉദ്യോഗസ്ഥർ, നോർത്ത് പറവൂർ അസിസ്റ്റന്‍റ് ദേവസ്വം കമ്മീഷണർ ജയശ്രീ, കോട്ടയം ദേവസ്വം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഉപ്പിലിയപ്പൻ തുടങ്ങിയവർ ചടങ്ങിന്‍റെ ഭാഗമായി. സിങ്കപ്പൂർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നുമടക്കം നിരവധി അയ്യപ്പ ഭക്തരാണ് നെടുമ്പാശേരി വിമാനത്താവളം വഴി ശബരിമലക്ക് പോകാൻ എത്തുന്നത്.