എറണാകുളം: കടമക്കുടിയിലെ കൂട്ട ആത്മഹത്യയിൽ (Kadamakkudi Suicide Case) ലോൺ ആപ്പിനെതിരെ തെളിവ് ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് റൂറൽ എസ് പി വിവേക് കുമാർ. ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക പ്രശ്‌നങ്ങളാണെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി (Rural SP On Kadamakkudi Suicide Case). ലോൺ ആപ്പിന്‍റെ സ്വാധീനം സംബന്ധിച്ച് പരിശോധിച്ച് വരികയാണ്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം മുന്നോട്ട് പോവുകയാണ്. ആത്മഹത്യ ചെയ്‌ത ശില്‍പയുടെയും നിജോയുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചതായും എസ് പി അറിയിച്ചു. നിജോയുടെയും കുടുംബത്തിന്‍റെയും മരണത്തിന് കാരണം ലോൺ ആപ്പുകളുടെ ഭീഷണിയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അതേസമയം നിജോയുടെയും കുടുംബത്തിന്‍റെയും മരണശേഷവും ലോൺ ആപ്പുകാർ ഭീഷണി തുടരുന്നതായാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത് (Threat of loan apps). മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഭീഷണി സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നതായും അവർ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്‌ച (സെപ്‌റ്റംബർ 12) രാവിലെയായിരുന്നു കടമക്കുടിയിലെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ(32), മക്കളായ ഏദൻ (7), ആരോൺ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നായിരുന്നു കൂട്ട ആത്മഹത്യ എന്നായിരുന്നു നിഗമനം. എന്നാൽ സാമ്പത്തിക പ്രതിസന്ധിയല്ല, ഓൺലൈൻ വായ്‌പ കെണിയിൽ അകപ്പെട്ടതിനെ തുടർന്നാണ് കുടുംബം ജീവനൊടുക്കിയതെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ആഴ്‌ചകൾക്ക് മുമ്പായിരുന്നു വിദേശത്തായിരുന്ന ശിൽപ നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിൽ ഡിസൈൻ ജോലികൾ ചെയ്‌തു വരികയായിരുന്നു ഭർത്താവ് നിജോ. ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയ ചൊവ്വാഴ്‌ചയും ജോലിക്ക് വരാമെന്ന് സഹപ്രവർത്തകരോട് നിജോ പറഞ്ഞിരുന്നു. എന്നാൽ ജോലിക്കെത്താത്തതിനെ തുടർന്ന് ഇവർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോൾ നിജോയെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം മരിച്ച നിജോയുടെ അമ്മ നൽകിയ പരാതിയിലാണ് ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തത് (Kadamakkudi Suicide Case Against Online App). ലോൺ ആപ്പുകളുടെ ഭീഷണിയാണ് മകന്‍റെയും കുടുംബത്തിന്‍റെയും മരണത്തിന് കാരണം എന്നാണ് അമ്മയുടെ പരാതി.
ഗൃഹനാഥന്‍റെ ആത്മഹത്യയ്‌ക്ക് പിന്നിൽ ലോണ്‍ ആപ്പ് ഭീഷണിയെന്ന് പരാതി: വയനാട് മീനങ്ങാടിയിലെ അരിമുളയില്‍ ഗൃഹനാഥൻ ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നില്‍ ലോണ്‍ ആപ്പിന്‍റെ ഭീഷണിയെന്ന പരാതിയുമായി ബന്ധുക്കളും സുഹൃത്തുക്കളും. അരിമുള എസ്റ്റേറ്റിനുള്ളില്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ താഴെമുണ്ട ചിറകോണത്ത് അജയ് രാജ് (44)ന്‍റെ മരണത്തിന് പിന്നിലാണ് ലോണ്‍ ആപ്പ് ഭീഷണി ഉള്ളതായി പരാതി ഉയർന്നത്.
അജയ് രാജ് ആപ്പ് മുഖേന 5000 രൂപ കടമെടുത്തതായി ആപ്പുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറിൽ നിന്നുള്ള ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടില്‍ നിന്നും വ്യക്തമായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തിന്‍റെയും ഫോണുകളിലേക്ക് ഈ നമ്പറില്‍ നിന്നും അജയുടെ മോര്‍ഫ് ചെയ്‌ത ചിത്രം ലഭിച്ചിരുന്നു. അജയ് മരിച്ചതായി അറിയിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് 'നല്ല തമാശ' എന്നായിരുന്നു മറുപടിയായി വന്നത്. കൂടാതെ എല്ലാവര്‍ക്കും ഫോട്ടോ അയക്കുമെന്ന ഭീഷണിയും ഉണ്ടായി. ഇതോടെയാണ് മരണത്തില്‍ ദുരൂഹത ഉയർന്നത്. പൊലീസ് പരിശോധനയ്‌ക്കായി ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.