എറണാകുളം: കൊച്ചി ചെലവന്നൂരില്‍ കാര്‍ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പനാണ് പിടിയിലായത്. കൃഷ്ണപ്പനെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ കൊലപാതകശ്രമം, മാരകമായി മുറിവേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാര്‍ യാത്രക്കാരുമായുള്ള പിടിവലിക്കിടെ ടാര്‍ ശരീരത്തിൽ വീണ് ഇയാള്‍ക്കും പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയ്‌ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് പ്രതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
അതേസമയം ടാറിങ് തൊഴിലാളിയെ കാര്‍ യാത്രക്കാരാണ് ആക്രമിച്ചതെന്നും പ്രതിരോധിച്ചപ്പോള്‍ ടാര്‍ തെറിച്ചുവീണുവെന്നുമാണ് സംഭവത്തില്‍ കരാര്‍ കമ്പനി നല്‍കുന്ന വിശദീകരണം. യുവാക്കള്‍ മദ്യപിച്ചിരുന്നുവെന്നും ഇങ്ങോട്ടാണ് ആക്രമിച്ചതെന്നും പ്രതി കൃഷ്ണപ്പന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇരുകൂട്ടരും തമ്മില്‍ തര്‍ക്കവും അടിപിടിയും ഉണ്ടായതായി ദൃക്‌സാക്ഷികളും മൊഴി നൽകി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ പരിശോധിച്ചായിരിക്കും പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുക. ഇന്നലെ (11-08-2022) വൈകുന്നേരം അഞ്ച് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.
ചെലവന്നൂര്‍ സ്വദേശികളായ വിനോദ് വർഗീസ്, വിനു, ജിജോ എന്നിവരുടെ ശരീരത്തിലാണ് ടാര്‍ വീണ് പരിക്കേറ്റത്. റോഡ് ടോറിങ്ങിനിടെ മുന്നറിയിപ്പ് ബോര്‍ഡ് വെയ്‌ക്കാതിരുന്നത് മൂന്നംഗ സംഘം ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്നാണ് യുവാക്കള്‍ ടാറിങ് തെഴിലാളിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്.
തുടർന്ന് പ്രകോപിതനായ തൊഴാലാളി യുവാക്കളുടെ മേൽ ടാർ ഒഴിക്കുകയായിരുന്നുവെന്നാണ് പരാതി. കൈകള്‍ക്കും ദേഹത്തും പൊളളലേറ്റ യുവാക്കള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.