എറണാകുളം: ടാറിങ് പൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ റോഡ് തകർന്നു. കോതമംഗലം താലൂക്കിലെ കോഴിപിള്ളി - പോത്താനിക്കാട് റോഡ് ആണ് ടാറിങ് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ തകർന്നത്. താലൂക്കിലെ മേജർ ഡിസ്റ്റിക് റോഡിൽ പെടുത്തിയിട്ടുള്ള പ്രധാന പാതയാണിത്.
പത്ത് വർഷം മുൻപാണ് മേജർ ഡിസ്റ്റിക്ക് റോഡിൽപ്പെടുത്തി ഉയർന്ന നിലവാരത്തിൽ റോഡ് ടാർ ചെയ്തത്. പിന്നീട് കഴിഞ്ഞ രണ്ട് വർഷമായി റോഡ് തകർന്നു കിടക്കുകയായിരുന്നു. തകർന്ന റോഡ് ടാർ ചെയ്യണമെന്ന നാട്ടുകാരുടെ പരാതികൾക്ക് ശേഷമാണ് രണ്ട് മാസം മുൻപ് ബിഎംആൻ്റ് ബിസി ഉയർന്ന നിലവാരത്തിൽ റോഡ് ടാർ ചെയ്തത്. എന്നാൽ ടാറിങ് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും പല ഭാഗങ്ങളും തകർന്നു. രണ്ടാഴ്ച മുമ്പുണ്ടായ കനത്ത മഴയെ തുടർന്ന് റോഡിൻ്റെ കൂടുതൽ ഭാഗം കുണ്ടും കുഴിയുമായി കഴിഞ്ഞു.
റേഡിൻ്റെ ടാറിങ് നടക്കുമ്പോൾ തന്നെ അപാകത നാട്ടുകാർ ചൂണ്ടി കാട്ടിയിരുന്നതാണ്. എന്നാൽ ഉദ്യേഗസ്ഥർ പരാതി അവഗണിക്കുകയായിരുന്നു. ഇപ്പോൾ റോഡ് തകർന്ന വിവരം ചൂണ്ടി കാട്ടി നാട്ടുകാർ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചങ്കിലും അനുകൂല നടപടികൾ സ്വീകരിക്കുവാൻ തയ്യാറായിട്ടില്ല.