എറണാകുളം: പരീക്കണ്ണി- വാളാച്ചിറ ചെക്ക്ഡാം പുഴയിലെ വെള്ളത്തിൽ രാസപദാർത്ഥം കലക്കി സാമൂഹ്യ വിരുദ്ധർ കുടിവെള്ള ശ്രോതസ് മലിനമാക്കി. ഇതേതുടർന്ന് പുഴയിലെ നിരവധി മീനുകൾ ചത്ത് പൊങ്ങി. രാസപദാർത്ഥം കലക്കി പുഴ മലിനമാക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .
കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തുകളാണ് കവളങ്ങാട്, പല്ലാരിമംഗലം എന്നീ പഞ്ചായത്തുകൾ. രണ്ടു പഞ്ചായത്തുകളുടെയും അതിർത്തി പ്രദേശത്തുകൂടി ഒഴുകുന്ന വാളാച്ചിറ ചെക്ക്ഡാംപുഴ പരീക്കണ്ണി വരമ്പുപാറ കുടുണ്ട പ്രദേശവാസികൾക്ക് കുളിക്കുവാനും കുടിക്കാനിമുള്ള ജല സ്രോതസ്സാണ്. ഈ പുഴയിലെ പമ്പ് ഹൗസിനു മുന്നിലെ വെള്ളത്തിലാണ് കഴിഞ്ഞ ദിവസം മീൻപിടുത്തത്തിനായി രാത്രി സാമൂഹ്യ വിരുദ്ധർ വിഷാംശം കലർന്ന രാസപദാർത്ഥം കലക്കിയത്. തുടർന്ന് നൂറ് കണക്കിന് മീനുകൾ ചത്ത് പൊങ്ങി. സമീപവാസികൾക്ക് ദുർഗന്ധവും വമിക്കുന്നുണ്ട്.
വരമ്പുപാറയിയെ പുഴക്ക് കുറുകെ ചെക്ക്ഡാം നിർമ്മിക്കുകയും പുഴയിലെ വെള്ളം തടഞ്ഞ് നിർത്തി വാട്ടർ അതോറിറ്റി നിർമ്മിച്ചിട്ടുള്ള പമ്പ് ഹൗസ് വഴി വെള്ളം പമ്പ് ചെയ്തുമാണ് പല്ലാരിമംഗലം പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.