എറണാകുളം: കേന്ദ്രസര്‍ക്കാരിന്‍റെ പനരുദ്ധാരണ പാക്കേജിന്‍റെ ഭാഗമായി ബി.എസ്.എന്‍.എല്ലില്‍ കൂട്ട വിരമിക്കല്‍. സ്വയം വിരമിക്കൽ പദ്ധതി പ്രകാരമാണ് വലിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ നിന്നും പുറത്തു പോകുന്നത്. എറണാകുളം ബിസിനസ് മേഖലയിൽ 1795 ജീവനക്കാരിൽ 1027പേരാണ് വിരമിക്കുന്നത്. ഇന്ന് വിരമിക്കുന്ന എറണാകുളം മേഖലയിലെ 800ഓളം ജീവനക്കാർക്ക് കൊച്ചിയിലെ ബി.എസ്.എൻ.എൽ ഭവനിൽ യാത്രയയപ്പ് നൽകി. ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഉപഭോക്തൃ സേവനങ്ങളെ ബാധിക്കില്ലെന്ന് ബി.എസ്.എൻ.എൽ എറണാകുളം ബിസിനസ് മേഖല പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ കെ ഫ്രാൻസിസ് ജേക്കബ് പറഞ്ഞു. യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ബി.എസ്.എൻ.എൽ ബിസിനസ് മേഖലയിൽ നിന്നും ഏതാണ്ട് അറുപതു ശതമാനം പരിചയസമ്പന്നരായ ജീവനക്കാരാണ് പിരിഞ്ഞു പോകുന്നത്. ഇത് സ്ഥാപനത്തിനു വലിയ നഷ്ടമാണെങ്കിലും അത് നികത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യമൊട്ടാകെ 80000 ജീവനക്കാർ ആണ് ബി.എസ്.എൻ.എല്ലിൽ നിന്നും സ്വയം വിരമിക്കുന്നത്. കേരളത്തിൽ ആകെയുള്ള 9314 ജീവനക്കാരിൽ 4589 പേർ സ്വയം പിരിഞ്ഞുപോകും. ഗ്രൂപ്പ് ഡി മുതൽ ഡെപ്യൂട്ടി ജനറൽ മാനേജർ വരെ ഏതാണ്ട് എല്ലാ തസ്തികകളിൽ നിന്നുമുള്ള ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു. അമ്പത് വയസിനു മുകളിൽ ഉള്ള ജീവനക്കാർക്കാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കാൻ കഴിയുക. 60 വയസണ് ബി.എസ്.എൻ.എൽ ജീവനക്കാരുടെ നിലവിലെ വിരമിക്കൽ പ്രായം. അതേസമയം ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുന്നത് ബി.എസ്.എൻ.എല്ലിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്.