എറണാകുളം: ഒരിക്കല്‍ പിരാരൂർ ഗ്രാമത്തിന്‍റെ കുടിവെള്ള സ്രോതസായിരുന്നു കാലടി പഞ്ചായത്തിലെ പിരാരൂർ ചിറ. കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും ഈ നാട് ആശ്രയിച്ചിരുന്നതും പിരാരൂർ ചിറയെ ആയിരുന്നു. പക്ഷേ ഇന്ന് ഇവിടെ ചിറയില്ല, കുടിവെള്ള സ്രോതസുമില്ല. അനധികൃത കയ്യേറ്റങ്ങളും മാലിന്യ നിക്ഷേപവും ഈ ജലസ്രോതസിനെ ഇല്ലാതാക്കി.
13.2 ഏക്കറില്‍ ചിറയുടെ ഭൂരിഭാഗം പ്രദേശങ്ങളും കയ്യേറ്റക്കാർ കയ്യടക്കി. 2018ലെ പ്രളയത്തിന് ശേഷമാണ് ചിറ പൂർണമായും ഉപയോഗ ശൂന്യമായത്. കയ്യേറ്റങ്ങൾ തിരിച്ചു പിടിച്ച് മാലിന്യം നീക്കം ചെയ്ത് ചിറ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിറ വൃത്തിയാക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് കാലടി പഞ്ചായത്ത് പ്രസിഡന്‍റ് എംപി ആന്‍റണി ഇടിവി ഭാരതിനോട് പറഞ്ഞു.