എറണാകുളം: കൊച്ചി നഗരത്തിൽ യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി നൗഷിദിനെ റിമാന്‍ഡ് ചെയ്‌തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തത്. പ്രതിയെ കൊലപാതകം നടത്തിയ മുറിയിലെത്തിച്ച് പ്രാഥമികമായ തെളിവെടുപ്പ് നടത്തിയ ശേഷമായിരുന്നു കോടതിയിൽ ഹാജരാക്കിയത്. കൊല നടത്താൻ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി. അതേസമയം പ്രതി രേഷ്‌മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ നടുക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
നിര്‍ണായക തെളിവായത് വീഡിയോ: തന്നെ വെറുതെ വിടണമെന്ന് രേഷ്‌മ കൈകൂപ്പി അപേക്ഷിക്കുന്ന വീഡിയോ പ്രതിയുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. തന്നെ കുറിച്ച് അപവാദം പ്രചരിപ്പിച്ചത് എന്തിനാണെന്നും രേഷ്‌മ എന്ന പേര് യഥാർഥമാണോയെന്നും പ്രതി നൗഷിദ് ചോദിക്കുന്നതും ഈ വീഡിയോയിലുണ്ട്. പ്രതിയുടെ ചോദ്യം ചെയ്യലിനോട് കരഞ്ഞുകൊണ്ട് മറുപടി നൽകുന്ന രേഷ്‌മ, എങ്കിൽ തന്നെ കൊല്ലൂവെന്ന് പ്രതിയോട് പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പാണ് പ്രതി തന്നെ ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
കൊലപാതകം എന്തിന്: സമൂഹമാധ്യമത്തിലൂടെ പരിചയപെടുകയും സൗഹൃദത്തിലാവുകയും ചെയ്‌ത രേഷ്‌മയും നൗഷിദും തമ്മിൽ ഇടക്കാലത്ത് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അകല്‍ച്ചയിലായി. ഈ സമയത്ത് നൗഷിദിനുണ്ടായ ചില ആരോഗ്യപ്രശ്‌നങ്ങൾ കാരണം രേഷ്‌മ ദുർമന്ത്രവാദം ചെയ്‌തതാണെന്നും നൗഷിദ് വിശ്വസിച്ചിരുന്നു. മാത്രമല്ല ഇയാൾക്ക് വേണ്ടി വീട്ടുകാർ കല്യാണാലോചനകൾ നടത്തുന്നതിന് രേഷ്‌മ എതിരായിരുന്നു.
ഇതോടെ സൗഹൃദത്തിൽ നിന്നും പിന്മാറാനും നൗഷിദ് തീരുമാനിച്ചിരുന്നു. ഇതിന് രേഷ്‌മ തയ്യാറായില്ലെങ്കിൽ കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെയാണ് പ്രതി ജോലി ചെയ്യുന്ന ഓയോ റൂമിലേക്ക് രേഷ്‌മയെ ബുധനാഴ്‌ച (09.08.2023) രാത്രി വിളിച്ച് വരുത്തുന്നത്. തുടർന്ന് രാത്രി 10.45 ഓടെയാണ് നഗരത്തെ നടുക്കിയ കൊലപാതകം അരങ്ങേറുന്നത്. ഉടന്‍ തന്നെ ചങ്ങനാശ്ശേരി സ്വദേശിയായ രേഷ്‌മ (22) യെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ബാലുശ്ശേരി സ്വദേശി നൗഷിദിനെ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.
കൊലപാതകത്തിലേക്ക്: കലൂരിൽ ഓയോ റും കെയർ ടേക്കറായി ജോലി ചെയ്‌ത് വരികയായിരുന്ന പ്രതി നൗഷിദും ലാബ് അറ്റന്‍ഡറായ രേഷ്‌മയും തമ്മിൽ കുറച്ചുകാലമായി സൗഹൃദത്തിലായിരുന്നു. അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസമാണ് നൗഷിദ് രേഷ്‌മയെ കലൂരിലെ റൂമിലേക്ക് വിളിച്ച് വരുത്തുന്നത്. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും നൗഷിദ് കത്തിയെടുത്ത് രേഷ്‌മയുടെ കഴുത്തിലും വയറിലും തുരുതുരെ കുത്തുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവരും പൊലീസും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.
ഈ സമയത്തെല്ലാം കെയർ ടേക്കറായ നൗഷിദും ഇവരോടൊപ്പമുണ്ടായിരുന്നു. തുടർന്ന് ഇയാളെ സംശയം തോന്നി എറണാകുളം നോർത്ത് പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് നൗഷിദാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാകുന്നത്. പിന്നാലെ പോസ്‌റ്റ്‌മോർട്ടം ഉൾപ്പടെ പൂർത്തിയാക്കി മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ട് നൽകിയിരുന്നു.
Also Read: മണിയാറൻകുടിയിൽ അമ്മയെ കൊന്ന് മകൻ, ആനച്ചാലിൽ മകനെ തലയ്‌ക്ക് വെട്ടി പരിക്കേൽപ്പിച്ച് അച്ഛൻ