എറണാകുളം: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്‌ടറിയിലെ മാലിന്യ തീക്കൂനയിൽ വീണ് മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹ അവശിഷ്‌ടങ്ങൾ ലഭിച്ചു. കാൽപാദത്തിന്‍റെ ഭാഗങ്ങൾ ഉൾപ്പടെയാണ് ലഭിച്ചത്. അഗ്നി രക്ഷാ സേനയുടെ ഒരു ദിവസത്തെ തെരച്ചിലിനൊടുവിലാണ് പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹത്തിന്‍റെ ഭാഗങ്ങൾ ലഭിച്ചത്.
കൊൽക്കത്ത സ്വദേശി നസീർ ശൈഖ് (23) ആയിരുന്നു വ്യാഴാഴ്‌ച രാവിലെ ഏഴുമണിയോടെ അപകടത്തിൽപ്പെട്ട് ദാരുണമായി മരിച്ചത്. പെരുമ്പാവൂർ ഓടയ്‌ക്കാലിയിലുള്ള യൂണിവേഴ്‌സൽ പ്ലൈവുഡ് കമ്പനിയിലെ തീപ്പടിച്ച മാലിന്യ കൂനയിലേക്ക് ആയിരുന്നു തൊഴിലാളി വീണത്. കൂട്ടിയിട്ട പ്ലൈവുഡ് മാലിന്യത്തിൽ തീപടരുന്നത് തടയാൻ താൽകാലിക സെക്യൂരിറ്റി ജീവനക്കാരനായ നസീർ പൈപ്പ് ഉപയോഗിച്ച് വെള്ളം തളിക്കുകയായിരുന്നു.
ഇതിനിടെ ഇയാൾ നിന്നതിന്‍റെ അടിഭാഗം കത്തിയതിനെ തുടർന്ന് താഴ്‌ന്ന് പോവുകയും മാലിന്യ കുഴിയിൽ അകപ്പെടുകയുമായിരുന്നു. തൊഴിലാളിയുടെ മുകളിലേക്ക് മാലിന്യം വീണതോടെ രക്ഷപ്പെടാനായില്ല. മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് കത്തിയമർന്ന മാലിന്യം നീക്കം ചെയ്‌ത് മണിക്കൂറുകളോളം തെരച്ചൽ നടത്തിയെങ്കിലും നസീറിനെ കണ്ടെത്തിയിരുന്നില്ല.
സംശയത്തിലേയ്‌ക്ക് നീണ്ട തെരച്ചിൽ: മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞിരിക്കാൻ സാധ്യതയുള്ളതിനാൽ ഇരുപത് അടിയോളം ആഴമുള്ള കുഴിയിൽ നിന്നും കണ്ടെത്തുക ശ്രമകരമാണെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ആദ്യ ഘട്ടത്തിൽ തന്നെ വിലയിരുത്തിയത്. അതേ സമയം സെക്യൂരിറ്റി ജീവനക്കാരൻ മാലിന്യക്കൂനയിലേക്ക് വീഴുന്നത് പ്ലൈവുഡ് ഫാക്‌ടറിയിലെ ഇതര സംസ്ഥാനക്കാരായ ജീവനക്കാർ മാത്രമായിരുന്നു നേരിൽ കണ്ടത്. ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിലും തൊഴിലാളിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ചില സംശയങ്ങളും ഉയർന്നിരുന്നു.
ഇതേ തുടർന്ന് ദൃക്‌സാക്ഷികളായ തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്യുകയും നസീർ മാലിന്യക്കുഴിയിലേക്ക് വീണുവെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. എന്നാൽ അപകടം സംഭവിച്ച യൂണിവേഴ്‌സൽ പ്ലൈവുഡ് ഫാക്‌ടറിക്കെതിരെ നേരത്തെ തന്നെ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. ഫാക്‌ടറിയോട് ചേർന്ന താഴ്‌ചയുള്ള ഭാഗത്ത് മാലിന്യം നിക്ഷേപിച്ച് ഭൂമി നികത്താനുള്ള ശ്രമമാണ് ഉടമകൾ നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
also read: അടിമാലിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
അപകടം ആവർത്തനം, നിയമനടപടി വേണമെന്ന് പ്രദേശവാസികൾ: ഈ പ്ലൈവുഡ് ഫാക്‌ടറിക്കെതിരെ നിയമ നടപടികളുമായി പ്രദേശവാസികൾ മുന്നോട്ട് പോവുകയാണ്. അതേ സമയം അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്ന പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്‌ടറികളിൽ അപകടങ്ങൾ ആവർത്തിക്കപെടുമ്പോഴും സുരക്ഷ ഉറപ്പാക്കേണ്ട അധികൃതർ കാര്യമായി ഇടപെടാറില്ലെന്ന വിമർശനവും ശക്തമാണ്. നേരത്തെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ച മാലിന്യക്കുഴിയിൽ വീണ് ഒരു കുട്ടിയുൾപ്പടെ മരണപ്പെട്ടിരുന്നു.
അപകടം സംഭവിക്കുമ്പോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാറുണ്ടെങ്കിലും കർശനമായ തുടർ നടപടികളും ഉണ്ടാകാറില്ലെന്നാണ് വിമർശനം ഉയരുന്നത്.