എറണാകുളം : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ഹര്‍ജിയില്‍ വിധി വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയ്ക്ക് അപേക്ഷ നൽകാൻ പരാതിക്കാരന് ഹൈക്കോടതിയുടെ നിർദേശം. ദുരിതാശ്വാസ നിധി ദുർവിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാർക്കെതിരായ പരാതിയിൽ ലോകായുക്ത വിധി വൈകുന്നുവെന്ന ആക്ഷേപവുമായി ആർ.എസ് ശശികുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി ഇന്ന് പരിഗണിച്ച ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച്, വിധി വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്ത മുൻപാകെ അപേക്ഷ നൽകാൻ പരാതിക്കാരന് വാക്കാൽ നിർദേശം നൽകി. ഹർജി ഹൈക്കോടതി ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ വർഷം മാർച്ചിൽ വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി പറഞ്ഞില്ല. അതിനാൽ വിധി പുറപ്പെടുവിക്കാൻ ലോകായുക്തയ്ക്ക് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്‌റ്റന്‍റ് എൻജിനീയറായി ജോലിക്ക് പുറമേ ഭാര്യയുടെ സ്വർണ പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്‌പ അടയ്ക്കുന്നതിനുമായി എട്ടര ലക്ഷം രൂപയും, ദുരിതാശ്വാസനിധിയിൽ നിന്ന് യാതൊരു പരിശോധനയും മന്ത്രിസഭയുടെ കുറിപ്പും കൂടാതെ നൽകിയത് ദുർവിനിയോഗമാണെന്നായിരുന്നു ലോകായുക്തയ്ക്ക് മുന്നിലെ പരാതി.
ഒരു വര്‍ഷം കഴിഞ്ഞു, വിധി എവിടെ : ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി എതിര്‍കക്ഷിയായുള്ള പരാതിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തതില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കഴിഞ്ഞദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. വിധി പറയാത്തത് മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. വാദം പൂര്‍ത്തിയായാല്‍ ആറുമാസത്തിനകം വിധി പറയണമെന്ന സൂപ്രീം കോടതി നിർദേശം മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും ബാധകമല്ലെന്ന് പറഞ്ഞ അദ്ദേഹം, മാര്‍ച്ച് 18ന്, ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ ഹിയറിങ് പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം തികഞ്ഞെന്നും ഓര്‍മിപ്പിച്ചിരുന്നു. നീതിയും നീതിബോധവും ന്യായവും കാടിറങ്ങിപ്പോയ സ്ഥലമാണ് ഇന്ന് കേരളമെന്നും സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.
ലോകായുക്ത നീതിബോധത്തോടെ വിധി പറഞ്ഞാൽ മുഖ്യമന്ത്രിയുടെ കസേര തെറിക്കുമെന്ന് ഭയന്നാണ് അമേരിക്കയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം അടുത്ത മന്ത്രിസഭായോഗത്തില്‍ തന്നെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തരവിട്ടത്. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്, ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരം വിധിച്ചാല്‍ പൊതുസേവകന്‍റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അപ്‌ലേറ്റ് അതോറിറ്റി നിയമസഭ ആയതിനാല്‍ അവിടുത്തെ ഭൂരിപക്ഷം വച്ച് അനായാസം ഊരിപ്പോരാനാകുമെന്ന സ്ഥിതിവരുത്തിവച്ചെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.
പിറവിയും സംഹാരവും ഒരേ കൈ കൊണ്ടോ : മുഖ്യമന്ത്രി ഇകെ നായനാര്‍ 1999ല്‍ തുടക്കമിട്ട് ഉച്ചിയുറപ്പിച്ച ലോകായുക്തയ്‌ക്ക് മറ്റൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദകക്രിയ നടത്തിയെന്നും കെപിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ ഭരണകക്ഷി എംഎല്‍എയുടെ വീട്ടില്‍ കയറി വരെ റെയ്‌ഡ് നടത്തി കോടികളുടെ കൈക്കൂലിപ്പണം പിടിച്ചെടുക്കുന്ന കര്‍ണാടക ലോകായുക്തയെ കേരള ലോകായുക്ത കണ്ടുപഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.