എറണാകുളം: സിനിമാ നിർമാതാക്കളെ മനോരോഗികളെന്ന് വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഷെയ്‌ൻ നിഗം സിനിമാ സംഘടനകൾക്ക് കത്തയച്ചു. താരസംഘടന അമ്മ, സംവിധായകരുടെ സംഘടന ഫെഫ്‌ക, നിർമാതാക്കളുടെ സംഘടന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവക്കാണ് ഷെയ്‌ൻ കത്തയച്ചത്.
മനപൂർവം നടത്തിയ പരാമർശമല്ലെന്നും തന്‍റെ പരാമർശം വേദനയുണ്ടാക്കിയെങ്കിൽ ഖേദിക്കുന്നതായും ഇ-മെയിൽ വഴി അയച്ച കത്തിൽ സൂചിപ്പിക്കുന്നു. കത്ത് ലഭിച്ചതായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സ്ഥിരീകരിച്ചു. യോഗം ചേർന്നതിന് ശേഷമായിരിക്കും സംഘടന ഈ വിഷയത്തിൽ തുടർനിലപാടുകൾ സ്വീകരിക്കുക.
നിർമാതാക്കൾക്കെതിരായ വിവാദ പ്രസ്താവനയിൽ മാപ്പ് പറയാതെ ഷെയ്‌ൻ നിഗത്തിന്‍റെ വിഷയത്തിൽ ചർച്ചയില്ലെന്ന് സിനിമാ സംഘടനകൾ നേരത്തെ നിലപാടെടുത്തിരുന്നു. സമൂഹ മാധ്യമത്തിലൂടെ നടത്തിയ ക്ഷമാപണം നിർമാതാക്കളുടെ സംഘടന അംഗീകരിച്ചിരുന്നില്ല. പ്രശ്‌നപരിഹാരത്തിന് മുൻകയ്യെടുത്തിരുന്ന താരസംഘടനയായ അമ്മയും ഫെഫ്‌കയും ഷെയ്‌ൻ നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് ചർച്ചകളിൽ നിന്ന് പിന്മാറിയത്. ഈയൊരു സാഹചര്യത്തിലാണ് രേഖാമൂലം ഖേദം പ്രകടിപ്പിച്ച് പ്രശ്‌നപരിഹാരത്തിനായി ഷെയ്‌ൻ മുന്നോട്ട് വന്നത്.