എറണാകുളം: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് പ്രതി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് എയർ ഏഷ്യ വിമാനത്തിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. ഡിവൈഎസ്പി അനൂപ് കുരുവിള ജോണിൻ്റെ നേതൃത്വത്തിലുള്ള ആൻ്റി ടെറ്റിസ്റ്റ് പൊലീസ് സംഘം വിമാനതാവളത്തിൽ എത്തിച്ച രവി പൂജാരിയെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് കമാന്‍റോകളുടെ നേതൃത്വത്തിൽ കർശന സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
രവി പൂജാരിയെ നടി ലീന മരിയ പോളിന്‍റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിലെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. രവി പൂജാരിയുടെ നിർദേശ പ്രകാരം ക്വട്ടേഷൻ ടീം ബ്യൂട്ടി പാര്‍ലറിന് നേരെ നിറയൊഴിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി എ.സി.ജെ.എം കോടതി പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിടുകയായിരുന്നു. ജൂൺ എട്ട് വരെയാണ് കസ്റ്റഡി കാലാവധി.
2019 ഡിസംബർ 15നാണ് നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചത്. എറണാകുളം സ്വദേശികളായ വിപിൻ വർഗീസ്, ബിലാൽ എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട് സംഘമാണ് യുവാക്കൾക്ക് വെടിവയ്പ്പിന് ക്വട്ടേഷൻ നൽകിയതെന്നും കണ്ടെത്തിയിരുന്നു.
ALSO READ: രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും
അധോലോക കുറ്റവാളി രവി പൂജാരിയുടെ നിർദേശ പ്രകാരമാണ് ഇവർ കൃത്യം ചെയ്‌തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വെടിവയ്പ്പിന് ഒരുമാസം മുമ്പ് ലീനയെ ഫോണിൽ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോഴാണ് ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പ് നടത്തിയത്. ബ്യൂട്ടി പാർലറിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല.