എറണാകുളം: നടൻ ദിലീപിനൊപ്പം വേദി പങ്കിട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്ത്. ഫിയോക്ക് ജനറൽ ബോഡി യോഗത്തിലാണ് രഞ്ജിത്തിനും സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലിനും സ്വീകരണം നൽകിയത്. തിയേറ്റർ ഉടമകളുടെ പ്രശനങ്ങൾ സർക്കാരിന് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു.
നൂറ് ശതമാനം പ്രേക്ഷകരെ തിയേറ്ററുകളിൽ അനുവദിച്ചത് ആദ്യം അറിയിച്ചത് ഫിയോക്ക് ഭാരവാഹികളെയായിരുന്നു. ഫിയോക്ക് നൽകിയ സ്വീകരണം വിലമതിക്കാനാവാത്തതാണെന്നും രഞ്ജിത്ത് പറഞ്ഞു. അതേസമയം രഞ്ജിത്തിനെ പുകഴ്ത്തിയായിരുന്നു ഫിയോക്ക് ചെയർമാൻ കൂടിയായ നടൻ ദിലീപ് സംസാരിച്ചത്.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ കെൽപ്പുള്ള ആളാണ് രഞ്ജിത്ത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയുമെന്നും ദിലീപ് പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അതിജീവിതയെ പങ്കെടുപ്പിച്ച് അവൾക്കൊപ്പമെന്ന് പ്രഖ്യാപിച്ച രഞ്ജിത്ത് തന്നെ ആരോപണ വിധേയനായ ദിലീപ് നയിക്കുന്ന സംഘടന വേദിയിൽ ദിലീപിനൊപ്പം വേദി പങ്കിട്ടത് ചർച്ചയാകുകയാണ്.
അതേസമയം അഭിപ്രായ ഭിന്നതകൾക്കിടെയാണ് ഫിയോക് ജനറൽ ബോഡി യോഗം കൊച്ചിയിൽ നടക്കുന്നത്. ഫിയോക് ബൈലോ ഭേദഗതിയെ കുറിച്ച് യോഗം ചർച്ച ചെയ്യും. ആജീവനാന്ത ചെയർമാൻ, വൈസ് ചെയർമാൻ പദവികൾ ഒഴിവാക്കണമെന്ന ആവശ്യമാണ് സംഘടനയിൽ ഒരു വിഭാഗം ഉന്നയിക്കുന്നത്. ഈ സ്ഥാനങ്ങൾ വഹിക്കുന്നത് ദിലീപും ആന്‍റണി പെരുമ്പാവൂരുമാണ്. ഒടിടി റിലീസുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാനെ വിലക്കിയ സാഹചര്യത്തിലാണ് ഫിയോക്കിൽ അഭിപ്രായ ഭിന്നത രൂക്ഷമായത്. ചില തിയേറ്റർ ഉടമകൾ ഫിയോക്ക് വിട്ട് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലേക്ക് മടങ്ങുകയും ചെയ്‌തിരുന്നു.
Also Read: മഞ്ചേരി നഗരസഭാംഗത്തിന്‍റെ കൊലപാതകം; രണ്ട് പ്രതികൾ അറസ്റ്റിലായതായി സൂചന