എറണാകുളം: പെരുമ്പാവൂരിലെ എൽ.ജെ.പി ദേശീയ സെക്രട്ടറിയെ വധിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസിലെ മുഖ്യ സൂത്രധാരൻ പിടിയിലായി. പൂണിത്തുറ ചളിക്കവട്ടം ഹാരിസ് എന്നു വിളിക്കുന്ന ഹാരിസ് (37) ആണ് പിടിയിലായത്. പെരുമ്പാവൂർ നെടും തോട് സ്വദേശിയും എൽ.ജെ.പി ദേശീയ നേതാവുമായ അനസിനെ വധിക്കാൻ തമിഴ്‌നാട് സ്വദേശികൾക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. വധശ്രമത്തിന് പദ്ധതിയിടുന്നതിനിടയിൽ സംഘത്തെ പിടികൂടി.
പെരുമ്പാവൂരിൽ വിജിലൻസ് ചമഞ്ഞ് സ്വർണ്ണം തട്ടിയ കേസിലും ഇയാൾ പ്രതിയായിരുന്നു. പൊൻകുന്നം, പാലാരിവട്ടം തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. വിവിധ കേസിൽ അനസ് ജയിലിലാണിപ്പോൾ .കല്ലൂർക്കാട് സി.ഐ കെ.ജെ.പീറ്ററിന്‍റെ നേതൃത്വത്തിൽ മുനമ്പം എസ്.ഐ രാജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.