എറണാകുളം: ക്വാറി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഇഡിയുടെ തുടര്‍ച്ചയായ ചോദ്യം ചെയ്യൽ റിപ്പോര്‍ട്ട് ചെയ്‌ത മാധ്യമങ്ങള്‍ക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ. പി വി അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മാധ്യമങ്ങളെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെ പേരുകള്‍ എടുത്ത് പറഞ്ഞാണ് നിലമ്പൂര്‍ എംഎല്‍എയുടെ പരിഹാസം.
കുറിപ്പിന്‍റെ പൂര്‍ണ രൂപം: 'മാപ്രകളോടാണ്, നിങ്ങൾ ഇന്നലെ ബ്രേക്കിങ് കൊടുത്തത് പോലെ ഇന്ന് 'മാച്ച് ചർച്ച' ഒന്നുമില്ല. ഉള്ളപ്പോ അറിയിക്കാം. ഇപ്പോൾ പൊരേലുണ്ട്. കുറച്ച് കഴിഞ്ഞ് നിലമ്പൂർ വരെ പോകും. വെറുതെ കോലും ചുമന്ന് ഇ ഡി ഓഫിസിന്‍റെ തിണ്ണയിൽ പോയി നിൽക്കേണ്ട. നല്ല ചൂട് സീസണാണ്. സൂര്യാഘാതമൊക്കെ ഏൽക്കാൻ സാധ്യതയുള്ള സമയമാണ്. Now Your health is My concern. അപ്പോ ശരി...ബൈ'
മലപ്പുറം സ്വദേശിയായ പ്രവാസി എഞ്ചിനീയർ സലീം എന്നയാളുടെ പരാതിയിലാണ് പി വി അൻവറിനെ ഇഡി ചോദ്യം ചെയ്‌തത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 14 മണിക്കൂറോളം കൊച്ചിയിലെ ഓഫിസിൽ വിളിച്ചു വരുത്തി പി വി അന്‍വറിനെ ഇഡി ചോദ്യം ചെയ്‌തു. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇ ഡി ഓഫിസിൽ നിന്നും പുറത്തിറങ്ങിയ പി വി അൻവർ മാധ്യമങ്ങളേട് ക്ഷുഭിതനായിരുന്നു.
അൻവർ നൽകിയ മൊഴിയും ബാങ്ക് രേഖകളും ഉൾപ്പടെ പരിശോധിച്ച് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഷെയറും മാസം അരലക്ഷം രൂപ ലാഭവിഹിതവും വാഗ്‌ദാനം ചെയ്‌ത് 50 ലക്ഷം രൂപ പി വി അന്‍വര്‍ തട്ടിയെന്നാണ് പരാതിക്കാരനായ സലീമിന്‍റെ ആരോപണം. എംഎൽഎക്ക് എതിരായ പരാതിയിൽ ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും നേരത്തെ അന്വേഷണം നടത്തിയിരുന്നു.
സിവിൽ സ്വഭാവമുള്ള കേസ് ആണെന്ന് ചൂണ്ടിക്കാണിച്ച് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും റിപ്പോര്‍ട്ട് കോടതി തള്ളി. സംസ്ഥാന ഏജൻസികളുടെ അന്വേഷണം ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് രേഖകൾ സഹിതം പരാതിക്കാരൻ ഇഡിയെ സമീപ്പിച്ചത്. ഇതേ തുടർന്ന് പരാതിയിൽ ഇഡി അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇതിന്‍റെ തുടർച്ചയായാണ് പി വി അന്‍വര്‍ എംഎൽഎയെ നേരിട്ട് വിളിച്ചു വരുത്തി എൻഫോഴ്‌സ്‌മെന്‍റ് രണ്ട് തവണ ചോദ്യം ചെയ്‌തത്.