എറണാകുളം: കോൺഗ്രസ് വിട്ട കെ.പി അനിൽ കുമാറിനെതിരെ വിമർശനവുമായി പി.ടി തോമസ് എംഎൽഎ. പാർട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും പറ്റുകയും താക്കോൽ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തവർ പാർട്ടി വിട്ടു പോകുന്നത് ഖേദകരമാണെന്നും ഇത്തരക്കാരെ തിരിച്ചറിയാൻ കേരളത്തിലെ കോൺഗ്രസിന് കഴിയുമെന്നും പി.ടി തോമസ് പറഞ്ഞു.
മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡന്‍റായിരുന്ന വേളയിൽ ഏറ്റവും പ്രധാനപ്പെട്ട ചുമതലയായിരുന്നു കെ.പി. അനിൽകുമാർ വഹിച്ചിരുന്നതെന്നും ഇപ്പോൾ അധികാരത്തിന്‍റെ ശീതളച്ഛായ തേടി പോവുകയാണെങ്കിൽ ഒന്നും പറയാനില്ലെന്നും പി.ടി തോമസ് എംഎൽഎ വിമർശിച്ചു.
പ്രയാസ ഘട്ടത്തിലും പാർട്ടിയിൽ അടിയുറച്ച് നിൽക്കുന്ന പ്രവർത്തകരെയാണ് തങ്ങൾ മാനിക്കുന്നത്. പാർട്ടി വിട്ടു പോകുന്ന ഇത്തരക്കാരെ കുറിച്ചോർത്ത് കോൺഗ്രസ് പ്രവർത്തകർ ദു:ഖിക്കില്ല. ഒരു സ്ഥാനവുമില്ലാതെ പ്രവർത്തിക്കുന്ന പതിനായിരങ്ങൾ പാർട്ടിയിലുണ്ടെന്നും പി.ടി തോമസ് പറഞ്ഞു.
ഒരാളെയും തള്ളികളയാൻ പാർട്ടി ആഗ്രഹിച്ചിട്ടില്ലെന്നും സസ്പെൻഷനിലായ അനിൽ കുമാർ നൽകിയ വിശദീകരണം പാർട്ടിക്ക് തൃപ്തികരമല്ലെന്ന് മനസിലാക്കിയാണ് ഓടുന്ന നായക്ക് ഒരു മുഴം മുൻപെ എന്ന നിലയിൽ രാജി പ്രഖാപിച്ചതെന്നും പി.ടി തോമസ് പരിഹസിച്ചു.
ഇന്നലെവരെ പ്രവർത്തിച്ചിരുന്ന പാർട്ടിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ അദ്ദേഹത്തിന് തന്നെ ബ്ലാക്ക്‌മാർക്കായി മാറുമെന്ന് ഓർമിക്കുന്നത് നല്ലതായിരിക്കുമെന്നും പി.ടി തോമസ് അറിയിച്ചു. പാർട്ടി വിട്ടവരെ കാല് വെട്ടാനും കൈ വെട്ടാനും തങ്ങളില്ലെന്നും എന്നാൽ ഇപ്പോൾ ചേക്കാറാൻ ഉദ്ദേശിക്കുന്ന പാർട്ടിയിൽ നിന്ന് വിട്ടാൽ കാലും കയ്യും ഉണ്ടാകില്ലെന്നും പി.ടി തോമസ് ആരോപിച്ചു.