എറണാകുളം : അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന് യാത്രാമൊഴി നൽകി കൊച്ചി നഗരം. പി.ടിയുടെ രാഷ്ട്രീയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച കർമ്മ മണ്ഡലം കൂടിയായ മഹാനഗരം ഏറെ നൊമ്പരത്തോടെയാണ് അദ്ദേഹത്തിന് വിട പറഞ്ഞത്. ഇടുക്കിയിൽ നിന്നും രാവിലെ ആറരയോടെ മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിക്കാനായിരുന്നു നിശ്ചയിച്ചത്.
എന്നാൽ 10:45 ഓടെയാണ് പാലാരിവട്ടത്തെ വീട്ടിലെത്തിച്ചത്. മന്ത്രിമാരായ കെ.കൃഷ്ണൻ കുട്ടി, ജി.ആർ. അനിൽ, ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, വി.ഡി.സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പി.ടി.യുടെ വീട്ടിലെത്തിയിരുന്നു. നടൻ മമ്മൂട്ടിയും പി.ടിയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
അടുത്ത ബന്ധുക്കൾക്കും മുതിർന്ന നേതാക്കൾക്കും മാത്രമായിരുന്നു വീട്ടിൽ അന്തിമോപചാരത്തിന് അവസരമൊരുക്കിയിരുന്നത്. പ്രവർത്തകർ വീട്ടിലേക്ക് വരരുത് എന്ന് അറിയിച്ചിരുന്നുവെങ്കിലും നിരവധിയാളുകൾ ഇവിടെയും എത്തിയിരുന്നു. തുടർന്ന് പി.ടി തോമസിന് ഏറെ അടുപ്പമുളള ഡി.സി.സി ഓഫിസിൽ മൃതദേഹമെത്തിച്ചു.
ALSO READ സഞ്ചാരികളെ പിന്തുടർന്ന് കാണ്ടാമൃഗം; മാനസ് ദേശീയോദ്യാനത്തിലെ വീഡിയോ വൈറൽ
ഇവിടെയും പ്രവർത്തകരും നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പ്രധാന പൊതുദർശന കേന്ദ്രമായ എറണാകുളം ടൗൺഹാളിൽ ഭൗതിക ശരീരമെത്തിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ടൗൺഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
മന്ത്രി പി.രാജീവ്, കുഞ്ഞാലിക്കുട്ടിയുൾപ്പടെയുളള ഘടക കക്ഷി നേതാക്കളും ടൗൺ ഹാളിലെത്തി. സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള നൂറ് കണക്കിന് ആളുകളാണ് ടൗൺഹാളിലെത്തി പി.ടി.യെ അവസാനമായി ഒരു നോക്കുകണ്ടത്. പി.ടി.യെന്ന ജനകീയനായ നേതാവിനോടുള്ള സ്നേഹം വിളിച്ചോതുന്നതായിരുന്നു പൊതുദർശന ചടങ്ങ്. ടൗൺ ഹാളിൽ നിന്ന് പി.ടിയുടെ മണ്ഡലമായ തൃക്കാക്കരയിലേക്ക് മൃതദേഹം കൊണ്ടുപോയി.
ALSO READ ലുധിയാന ജില്ല കോടതി സമുച്ചയത്തിൽ സ്‌ഫോടനം: രണ്ട് മരണം
മുഖ്യമന്ത്രി പിണറായി വിജയൻ നാലര മണിയോടെ തൃക്കാക്കരയിലെത്തി അന്ത്യാഭിവാദ്യം അർപ്പിക്കും. വൈകുന്നേരം അഞ്ചര മണിക്കാണ് കൊച്ചി രവിപുരം ശ്മശാനത്തിൽ സംസ്കാരം നിശ്ചയിച്ചത് എങ്കിലും ഏറെ വൈകാനാണ് സാധ്യത. പി.ടി.യുടെ ആഗ്രഹപ്രകാരം റീത്തുകൾ അർപ്പിക്കാതെയും ,ചന്ദ്രകളഭം ചാർത്തിയെന്ന് തുടങ്ങുന്ന സിനിമാഗാനം തുടർച്ചയായി കേൾപ്പിച്ചുമാണ് പൊതുദർശന ചടങ്ങ് പുരോഗമിക്കുന്നത്.