എറണാകുളം: അനധികൃത മരം മുറി സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആരോപണവുമായി കെപിസിസി വർക്കിങ് പ്രസിഡന്‍റ് പി.ടി. തോമസ് എംഎൽഎ. മരം മുറി കേസിൽ കർഷകരെ മറയാക്കി പിണറായി സർക്കാർ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. നഗ്നമായ വനം കൊള്ള നടത്തി കർഷകരെ കവചമായി ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. റവന്യൂ, വനംവകുപ്പുകൾ മാത്രമല്ല മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ കാര്യങ്ങൾ നടന്നത്. മുഖമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ മറുപടിയിൽ ഇത് വ്യക്തമാണ്. പ്രധാന ഉത്തരവാദിത്വം മുഖമന്ത്രിക്ക് തന്നെയാണെന്നും പി.ടി. തോമസ് ആരോപിച്ചു.
ഭീഷണി ഭയന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തിയില്ല
ഏതെങ്കിലും ഉദ്യോഗസ്ഥൻ വീഴ്‌ച വരുത്തുകയോ തടസം നിൽക്കുകയോ ചെയ്താൽ അവർക്ക് ശിക്ഷയുണ്ടെന്ന ഭീഷണി കൂടി ഈ ഉത്തരവിൽ ഉണ്ടായിരുന്നു. ഇത് മറ്റ് ഉത്തരവുകളിൽ ഇല്ലാത്തതാണ്. റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് മരം മുറിക്കുന്നത്. പുതിയ ഉത്തരവിലെ വിചിത്രമായ നിർദേശം ഭയന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ലക്ഷ്യം പൂർത്തിയായപ്പോൾ ഉത്തരവ് പിൻവലിച്ചു
ആദിവാസികളുടെ ഇരുന്നൂറ് വർഷത്തോളം പഴക്കമുളള ഈട്ടിമരങ്ങൾ മുറിച്ച് കടത്താനുള്ള അവതാരമാണ് ഈ ഉത്തരവ്. അവതാര ലക്ഷ്യം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ ഉത്തരവ് പിൻവലിച്ചു. നിയമപരമായി നിലനിൽക്കാത്തതിനാൽ പിൻവലിക്കുന്നുവെന്നാണ് വിശദീകരിക്കുന്നത്. ഈ കൂട്ടുത്തരവാദിത്വത്തിൽ മുഖ്യമന്ത്രി അടക്കം ജനങ്ങളോട് സമാധാനം പറയണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.
Read more: 'മരംമുറിക്കേസ് പ്രതികള്‍ മുഖ്യമന്ത്രിയെ കണ്ടു' ; ഫോട്ടോ പുറത്തുവിട്ട് പി.ടി തോമസ്