എറണാകുളം: മനയ്‌ക്കകടവ് പാലത്തിലെ വിള്ളല്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇരുചക്രമടക്കമുള്ള വാഹനങ്ങള്‍ക്ക് അപകടക്കെണിയായി മാറിയിരിക്കുകയാണ് പാലം. പാലത്തിലെ കോണ്‍ക്രീറ്റ് പാളികള്‍ തെന്നിമാറി വാഹനങ്ങളുടെ ടയറുകള്‍ ഇറങ്ങിപോകുന്ന തരത്തിലാണ് വിള്ളല്‍. എന്നാല്‍ പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് ആക്ഷേപം.
വാഹനങ്ങള്‍ ഇടിച്ച് പാലത്തന്‍റെ കൈവരികളും തകര്‍ന്ന നിലയിലാണ്. പില്ലറുകളിലെ കോണ്‍ക്രീറ്റ് ഇളകി കമ്പി പുറത്തുകാണാം. പ്രതിദിനം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന വണ്ടര്‍ലാ അമ്യൂസ്‌മെന്‍റ് പാര്‍ക്കും ഈ പാലത്തിന് തൊട്ടു സമീപത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പാലത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.