എറണാകുളം: ജനവാസ മേഖലയിൽ ടാർ മിക്‌സിങ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. ഊന്നുകൽ വെള്ളാമക്കുത്ത് തോടിന് സമീപം അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്ത് എണ്ണൂറോളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയിലാണ് ടാർ മിക്‌സിങ് യൂണിറ്റിനുള്ള ജോലികൾ നടന്നുവരുന്നത്. ഇതിനായി അഞ്ചേക്കറോളം സ്ഥലത്ത് പാറ ഖനനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തി വരികയാണ്.
അന്തരീക്ഷത്തിൽ മാരക വിഷമുള്ള പുക വമിക്കുന്നതും കുടിവെള്ള സ്രോതസിൽ ടാറിന്‍റെ അംശങ്ങൾ കലരാനുള്ള സാധ്യതയുമാണ് പ്രദേശ വാസികൾ നേരിടുന്ന വെല്ലുവിളി. ഇതിന്‍റെ ഭാഗമായാണ് ഭീമൻ ടാർ മിക്‌സിങ് പ്ലാന്‍റിന് പ്രവർത്തനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഊന്നുകൽ ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ കവളങ്ങാട് പഞ്ചായത്ത് ആഫീസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. പഞ്ചായത്ത് സെക്രട്ടറിക്ക് നൂറ് കണക്കിന് പ്രദേശവാസികൾ ഒപ്പിട്ട നിവേദനവും നൽകി.
ടാർ മിക്‌സിങ് പ്ലാന്‍റ് ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി ഒഴിഞ്ഞ പ്രദേശത്ത് നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വീട് നിര്‍മാണത്തിനാണ് സ്ഥലത്തെ മണ്ണ് എടുക്കുന്നതും പാറ പൊട്ടിക്കുന്നതെന്നുമാണ് സ്ഥല ഉടമ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ നാട്ടുകാർ പഞ്ചായത്തിൽ അന്വേഷിച്ചപ്പോഴാണ് വലിയ ടാർ മിക്‌സിങ് പ്ലാന്‍റിനുള്ള നടപടികളാണ് സ്ഥല ഉടമ ചെയ്യുന്നത് എന്ന് മനസിലാക്കിയത്. എന്ത് വില കൊടുത്തും ടാർ മിക്‌സിങ് പ്ലാന്‍റ് മാറ്റണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.