എറണാകുളം: തൃക്കാക്കര നഗരസഭയിൽ പ്രതിഷേധ കിടപ്പു സമരവുമായി പ്രതിപക്ഷ കൗൺസിലർമാർ. ചെയർപേഴ്‌സനും ഭരണപക്ഷ കൗൺസിലർമാരും ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന് നഗരസഭ സെക്രട്ടറിയുടെ പരാതിക്ക് പിന്നാലെയാണ് പ്രതിപക്ഷ ഇടതുമുന്നണി കൗൺസിലർമാർ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. തൃക്കാക്കര നഗരസഭ കാര്യാലയത്തിന് മുന്നിൽ പായവിരിച്ച് കിടന്നായിരുന്നു കൗൺസിലർമാരുടെ പ്രതിഷേധം.
ആരോപണ വിധേയയായ ചെയർപേഴ്‌സൻ അജിത തങ്കപ്പൻ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കഴിഞ്ഞ രണ്ട് വർഷമായി നഗരസഭയിൽ അഴിമതി മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ കൗൺസിലർ പി.സി മനൂപ് പറഞ്ഞു. ആറോളം വിജിലൻസ് കേസുകളാണ് ചെയർപേഴ്‌സൻ ഉൾപ്പടെ നേരിടുന്നത്.
അഴിമതിക്ക് കൂട്ട് നിൽക്കാത്ത നഗരസഭ സെക്രട്ടറിയെ ചെയർപേഴ്‌സന്‍റെ ക്യാബിനിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുകയാണ്. ഈയൊരു സാഹചര്യത്തിലാണ് തങ്ങളുടെ കിടപ്പു സമരമെന്നും പിസി മനൂപ് ആരോപിച്ചു. അതേസമയം, സെക്രട്ടറിയെ ഉപയോഗിച്ച് പ്രതിപക്ഷം സംസ്ഥാന സർക്കാരിന്‍റെ പിന്തുണയോടെ തൃക്കാക്കരയിൽ നഗരസഭയുടെ ഭരണം സ്‌തംഭിപ്പിക്കുകയാണെന്ന് ഭരണപക്ഷം ആരോപിക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു നഗരസഭ സെക്രട്ടറി ബി അനിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്‌സനിൽ നിന്നും ഭരണപക്ഷ കൗൺസിലർമാരിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പരാതി നൽകിയത്. നഗരസഭയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ചെയർപേഴ്‌സനും കൗൺസിലർമാരും നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. പൊലീസിനും തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കുമാണ് തൃക്കാക്കര നഗരസഭ സെക്രട്ടറി പരാതി നൽകിയത്.
ചെയർപേഴ്‌സന്‍റെ ചേംബറിൽ തന്നെ വിളിപ്പിക്കുകയും ഞങ്ങൾ പറയുന്ന കാര്യങ്ങൾ ചെയ്യാൻ വേണ്ടി മാത്രം ഇവിടെ സെക്രട്ടറിയായി ഇരുന്നാൽ മതിയെന്ന് ആവശ്യപ്പെട്ടതായും സെക്രട്ടറി പരാതിയിൽ ആരോപിച്ചിരുന്നു. അല്ലെങ്കിൽ മുൻപ് പല സെക്രട്ടറിമാരെയും കാബിനില്‍ പൂട്ടിയിട്ട് മർദ്ദിച്ചപ്പോലെ താങ്കളെയും മർദ്ദിക്കാത്തത് മര്യാദകൊണ്ടാണെന്നും, ഇവിടെ പ്രവർത്തിക്കാൻ പറ്റില്ലെങ്കിൽ ലീവ് എടുത്ത് പോകണമെന്നും കൗൺസിലറായ ഷാജി വാഴക്കാല ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
നിരന്തരമായി ഭീഷണിപ്പെടുത്തുന്നതു മൂലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ജീവന് ഭയം ഉള്ളതിനാൽ പൊലീസ് സംരക്ഷണം ഉൾപെടെ നൽകുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് തൃക്കാക്കര നഗരസഭ സെക്രട്ടറി പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.