കൊച്ചി: ഷെയ്ൻ നിഗം മാപ്പ് പറയണമെന്ന നിലപാടിലുറച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. മനോരോഗി എന്ന പരാമർശത്തിൽ ഷെയ്ൻ പരസ്യമായി മാപ്പു പറയണമെന്നാണ് അസോസിയേഷന്‍റെ ആവശ്യം. ഷെയ്ൻ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് എടുത്ത നിലപാടകളിൽ ഉറച്ചു നിൽക്കുന്നതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിലാണ് നിർമാതാക്കൾക്ക് മനോരോഗമാണെന്ന പരാമർശം ഷെയ്ൻ നടത്തിയത്. എന്നാൽ ഇതിന് പിന്നാലെ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുവെന്നും സംഭവത്തിൽ മാപ്പ് പറയുന്നതായും ഷെയ്ൻ ഫെയ്‌സ്ബുക്ക് കുറുപ്പിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ഈ പരാമർശത്തിൽ ഷെയ്നിനോട് ക്ഷമിക്കാനാവില്ലെന്നും ഇതിൽ പരസ്യമായ മാപ്പ് പറയണമെന്നും സംഘടന നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാമാങ്കം ഉൾപ്പെടെയുള്ള മലയാള സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതിൽ ആശങ്കയുണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.