എറണാകുളം: ബിഷപ്പ് ആന്‍റണി കരിയിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തൻ വികാരി സ്ഥാനം ഒഴിയരുതെന്ന് വൈദികരുടെ കൂട്ടായ്‌മ. മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ആന്‍റണി കരിയിലിന് വത്തിക്കാൻ സ്ഥാനപതി നോട്ടിസ് നൽകിയിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ലിയോപോള്‍ഡോ ജിറേല്ലി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് ആന്‍റണി കരിയലിന് നോട്ടിസ് നൽകിയത്.
ഇതിന് പിന്നാലെയാണ് അതിരൂപതയിലെ ഇരുന്നൂറോളം വൈദികർ ബിഷപ്പ് ഹൗസിൽ ഇന്ന് യോഗം ചേർന്നത്. വത്തിക്കാൻ രാജി ആവശ്യപ്പെട്ടുവെന്ന വാർത്ത സ്ഥിരീകരിക്കാൻ ആന്‍റണി കരിയിൽ തയ്യാറായിട്ടില്ലെന്ന് അതിരൂപത വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. സഭ ഭൂമി ഇടപാട്, കുർബാന ഏകീകരണം എന്നീ വിഷയങ്ങളില്‍ ജനങ്ങളോടും വൈദികരോടും ഒപ്പം നിന്നതിന്‍റെ പേരിലാണ് രാജി ആവശ്യപ്പെട്ടത്.
രാജി നൽകരുതെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. രാജി ആവശ്യപ്പെട്ടത് സഭയിലെ അധികാര ദുർവിനിയോഗത്തിന്‍റെ ഭാഗമാണോ എന്ന് സംശയിക്കുകയാണ്. ജനാഭിമുഖ കുർബാനയിൽ മാറ്റം വരുത്താൻ തയ്യാറല്ല. ആന്‍റണി കരിയിലിന്‍റെ രാജി ആവശ്യപ്പെടുന്നത് അതിരൂപതയിലെ പ്രശ്‌നങ്ങൾ സങ്കീർണമാക്കുമെന്നും കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
മെത്രാന്മാര്‍ക്ക് ഇതുമായി ബസപ്പെട്ട തുറന്ന കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിവാദ ഭൂമി ഇടപാടിൽ ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരിയാണ് രാജി വയ്‌ക്കേണ്ടതെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി വക്താവ് ഫാദർ ജോസ് വൈലി കോടത്ത് പറഞ്ഞു. രാജ്യത്തിന്‍റെ നിയമങ്ങളും കാനോൻ നിയമങ്ങളും ആലഞ്ചേരി ലംഘിച്ചിരിക്കുകയാണ്. ഈ കാര്യങ്ങൾ മാർപ്പാപ്പയുടെ മുമ്പിൽ മറച്ചുവയ്‌ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Also read: സഭയിലെ തര്‍ക്കം : എറണാകുളം - അങ്കമാലി ബിഷപ്പിനെതിരെ നടപടിക്കൊരുങ്ങി വത്തിക്കാൻ