എറണാകുളം : ക്രമസമാധാന പ്രശ്‌നത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ പ്രതിഷേധം. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയും വിശ്വാസികൾ ഏറ്റുമുട്ടുകയും ചെയ്‌തതിനെ തുടർന്നാണ് സെന്‍റ് മേരീസ് കത്തീഡ്രൽ അടച്ചുപൂട്ടിയത്. ബിഷപ്പ് ഹൗസിൽ യോഗം ചേർന്ന ശേഷം വൈദികർ പ്രകടനമായി സെന്‍റ് മേരീസ് ബസിലിക്കയ്ക്ക് മുന്നിലെത്തി.
പ്രതിഷേധ സംഗമം അതിരൂപത സംരക്ഷണ സമിതി കൺവീനർ ഫാദർ സെബാസ്റ്റ്യൻ തളിയൻ ഉദ്ഘാടനം ചെയ്‌തു. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് സിറോ മലബാർ സഭ സിനഡ് പ്രതിനിധികളായ മെത്രാന്മാരുമായി നടത്തിയ ചർച്ച ഒരു ചതിയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശനിയാഴ്‌ച അതിരൂപതയിലെ വൈദികരും അൽമായരുമായി പ്രശ്‌ന പരിഹാരത്തിനായി ചർച്ച നടത്തിയശേഷം ഞായറാഴ്‌ച ബസിലിക്കയിലെത്തി അൾത്താരാഭിമുഖ കുർബാന നടത്താൻ അഡ്‌മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്ത് ശ്രമം നടത്തുകയായിരുന്നു.
ഇതേ തുടർന്നുണ്ടായ അനിഷ്‌ട സംഭവങ്ങൾ ഏറെ നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അതിരൂപതയുടെ അഡ്‌മിനിസ്ട്രേറ്ററായ ആൻഡ്രൂസ് താഴത്തിന്‍റെ കുതന്ത്രമാണ് ബസിലിക്കയിൽ അൾത്താരാഭിമുഖ കുർബാന നടത്താനുള്ള ശ്രമമെന്നും വൈദികർ ആരോപിച്ചു. ജനാഭിമുഖ കുർബാന നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വൈദികർ നടത്തുന്ന പ്രതിഷേധം തുടരുമെന്നും ഫാദർ സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു.
ജനാഭിമുഖ കുർബാന തുടർന്നുവരുന്ന എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ കഴിഞ്ഞ ഞായറാഴ്‌ച അൾത്താരാഭിമുഖ കുർബാന നടത്താൻ അഡ്‌മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്ത് എത്തിയതിനെ തുടർന്നായിരുന്നു വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. തുടര്‍ന്ന് കൊച്ചിയിലെ പ്രധാന ദേവാലയമായ സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് എഡിഎം അടച്ച് പൂട്ടുകയായിരുന്നു.
ഇതേ തുടർന്നാണ് അൽമായരും വൈദികരും പളളി തുറന്ന് നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. കുർബാന ഏകീകരണമെന്ന സിറോ മലബാർ സഭ തീരുമാനത്തിനെതിരെ നാളുകളായി എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിഷേധം തുടർന്നുവരികയാണ്. അതിരൂപതയിൽ അൾത്താരാഭിമുഖ കുർബാന നടപ്പിലാക്കണമെന്ന ശക്തമായ നിലപാടാണ് സിറോ മലബാർ സഭ സ്വീകരിക്കുന്നത്.
ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്നുമാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളിൽ ഒരു വിഭാഗത്തിന്‍റെയും ആവശ്യം.