എറണാകുളം: തോക്ക് ഇല്ലാതെ വെടിയുണ്ട മാത്രം കൈവശം വയ്ക്കുന്നത് ആയുധ നിയമപ്രകാരം കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. തോക്കോ അനുബന്ധ ഉപകരണങ്ങളോ ഇല്ലാതെ വെടിയുണ്ട മാത്രം പിടിച്ചെടുക്കുന്നത് ആയുധ നിയമപ്രകാരം കുറ്റകരമായി കാണാനാകില്ലെന്നാണ് കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്. ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതിന് കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 2019ൽ പിടിയിലായ മഹാരാഷ്ട്ര സ്വദേശിയുടെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ സുപ്രധാന ഉത്തരവ്.
മഹാരാഷ്ട്രയില്‍ തോക്ക് കൈവശം വയ്‌ക്കാൻ ലൈസന്‍സ് ഉള്ള ബിസിനസുകാരൻ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. 2019 ഏപ്രിൽ നാലിനാണ് വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയുടെ ഭാഗമായി ഇയാളുടെ ബാഗിൽ നിന്നും വെടിയുണ്ട കണ്ടെത്തിയത്.
തുടര്‍ന്ന് ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. വെടിയുണ്ട ബാഗിൽ വന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്നും തോക്കില്ലാതെ വെടിയുണ്ട മാത്രം കൈവശം വച്ചതിന്‍റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരന്‍റെ വാദം കേട്ട കോടതി തോക്കില്ലാതെ വെടിയുണ്ട മാത്രം കണ്ടെത്തിയതിന് ആയുധ നിയമത്തിലെ 25-ാം വകുപ്പു പ്രകാരമുള്ള കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. നിയമത്തില്‍ ആയുധം കൈവശം വയ്ക്കുകയെന്നാല്‍ ബോധപൂര്‍വം കൈവശം വയ്ക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആയുധം കൈവശമുണ്ടെന്ന് വ്യക്തിക്ക് അറിവുണ്ടാവണം. ഈ കേസിൽ തോക്കില്ലാതെ വെടിയുണ്ട മാത്രം കൈവശം വച്ചയാള്‍ക്ക് അതിനെക്കുറിച്ച് അറിവില്ലായിരുന്നെന്ന വാദം അംഗീകരിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
തോക്ക് ലൈസൻസുള്ളവർക്ക് പരിശീലന പരിപാടിയുമായി പൊലീസ്; പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നൽകാൻ കേരള പൊലീസ്. നിലവിൽ തോക്ക് ലൈസൻസ് ഉള്ളവർക്കും, ലൈസൻസിനായി അപേക്ഷ നൽകിയവർക്കുമാണ് പൊലീസിന്‍റെ കീഴിൽ പരിശീലനം നൽകുക. ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസ് മേധാവി ഉത്തരവിറക്കി. പരിശീലനത്തിന് വേണ്ടി പ്രത്യേക പദ്ധതിയും സിലബസും തയ്യാറാക്കിയിട്ടുണ്ട്. വിവിധ ബറ്റാലിയനുകളായിരിക്കും ഇവർക്ക് പരിശീലനം നൽകുക.
പരിശീലനത്തിന് നിശ്ചിത തുക ഈടാക്കും. 1,000 മുതൽ 5,000 രൂപ വരെയാണ് ഫീസ് നിരക്ക്. ആയുധങ്ങൾ പരിചയപ്പെടുന്നതിന് 1,000 രൂപയാണ് ഫീസ്. ഇതിനുശേഷം സിലബസ് അനുസരിച്ച് പഠനം തുടരാം. തോക്ക് ഉപയോഗിക്കുന്നതിനുള്ള പരിശീലന ഫീസ് 5,000 രൂപയാണ്. പരിശീലനം പൂർത്തിയായവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. സേനാംഗങ്ങൾക്ക് മാത്രമാണ് നിലവിൽ ആയുധ പരിശീലനത്തിന് അനുമതി.
നിലവിൽ തോക്ക് ലൈസൻസ് ഉള്ളവരും, ലൈസൻസിനായി അപേക്ഷിച്ചവരും എങ്ങനെ ഇത് ഉപയോഗിക്കും എന്ന കാര്യത്തിൽ പൊലീസിന് ആശങ്കയുണ്ട്. ഇതിന് പരിഹാരമായിട്ടാണ് പരിശീലനം നൽകുന്നത്. നിലവിൽ റൈഫിൾ ക്ലബ്ബുകൾ വഴിയാണ് പൊതുജനങ്ങൾ പരിശീലനം നേടുന്നത്. എന്നാൽ, പെല്ലറ്റ് ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനമാണ് ഇത്തരം കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുക.
ഇതിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി പൊലീസിന് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. മൂന്ന് മാസത്തെ ഇടവേളകളിലാകും പരിശീലനം നൽകുക. ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ എന്നീ മാസങ്ങളിൽ 13 ദിവസമാണ് പരിശീലനം നൽകുക. രാവിലെ മുതൽ ഉച്ച വരെയാണ് പരിശീലനത്തിനായി സമയം അനുവദിച്ചിട്ടുള്ളത്. പ്രത്യേക സമിതി രൂപീകരിച്ചാണ് ആയുധ പരിശീലനത്തിനായുള്ള സിലബസ് തയ്യാറാക്കിയിട്ടുള്ളത്.