എറണാകുളം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പോപ്പുലർ ഫിനാൻസ് മാനേജിങ് ഡയറക്ടർ തോമസ് ഡാനിയേൽ, ഇയാളുടെ മകളും കമ്പനി ഡയറക്ടറുമായ റീന മറിയം എന്നിവരെ തിങ്കളാഴ്‌ച അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Also Read: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറി
ഇരുവരെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹാജരാക്കുക. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സംബന്ധിച്ച് പൊലീസിൽ നിന്ന് ഇ.ഡി വിവരങ്ങൾ ശേഖരിച്ചിരുന്നു. പത്തനംതിട്ട ആസ്ഥാനമായ പോപ്പുലർ ഫിനാൻസിലെ നിക്ഷേപകരുടെ രണ്ടായിരം കോടിയോളം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. ഇതേ കേസിൽ ഇവരെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അറ് മാസത്തോളം തടവിൽ കഴിഞ്ഞ ശേഷമാണ് ഫെബ്രുവരി 16ന് എറണാകുളം അഡീഷണൽ ജില്ലാ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്‌ചകളിലും ഹാജരാകണമെന്നും കൂടാതെ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നുമുളള കർശന വ്യവസ്ഥകളോടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. തട്ടിപ്പ് കേസിന്‍റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് ഈ കേസിൽ സി.ബി.ഐ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. തട്ടിയെടുത്ത പണം ദുബായ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിക്ഷേപിച്ചതായാണ് കണ്ടെത്തൽ.