എറണാകുളം : പോപ്പുലർ ഫിനാൻസ് കേസിലെ പ്രതികൾ വൻതോതിൽ ഭൂമിയും വസ്തുക്കളും വാങ്ങിക്കൂട്ടിയെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ഉടമ തോമസ് ഡാനിയലിന് ഓസ്ട്രേലിയൻ കമ്പനിയിൽ നിക്ഷേപമുണ്ട്. ആളുകളിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ച പണമാണ് ഇതിന് ഉപയോഗിച്ചതെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതികൾ മറച്ചുവയ്ക്കുന്നു. അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ല. പ്രതികളെ ആറ് ദിവസം കൂടി കസ്റ്റഡിയിൽ വിടണമന്നും ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രതികളെ ഹാജരാക്കിയത്.
ഓഗസ്‌റ്റ് ഒമ്പതിന് പ്രതികളെ അറസ്‌റ്റ് ചെയ്‌ത് ഇ.ഡി
പോപ്പുലർ ഫിനാൻസ് മാനേജിങ് ഡയറക്‌ടര്‍ തോമസ് ഡാനിയേൽ, മകളും ഡയറക്‌ടറുമായ റീന മറിയം എന്നിവരെ ഓഗസ്‌റ്റ് ഒമ്പതിന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇവരെ കോടതി ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. നേരത്തേ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിശേഷമായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സംബന്ധിച്ച് പൊലീസിൽ നിന്ന് ഇ.ഡി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് എം.ഡിയെയും മകളെയും അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട ആസ്ഥാനമായ പോപ്പുലർ ഫിനാൻസിലെ നിക്ഷേപകരുടെ രണ്ടായിരം കോടിയോളം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജാമ്യം നൽകിയത് ആറ് മാസം തടവിൽ കഴിഞ്ഞ ശേഷം
കഴിഞ്ഞ ഫെബ്രുവരി 16 നാണ് എറണാകുളം അഡീഷണൽ ജില്ല കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. ആറ് മാസത്തോളം തടവിൽ കഴിഞ്ഞ ശേഷമാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്.
കർശന വ്യവസ്ഥകളോടെയാണ് പ്രതികൾക്ക് അന്ന് ജാമ്യം ലഭിച്ചത്. തട്ടിപ്പ് കേസിന്‍റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന്, ഈ കേസിൽ സി.ബി.ഐ അന്വേഷണവും ഇപ്പോൾ നടക്കുന്നുണ്ട്.
ALSO READ: ശശി തരൂരിന് ആശ്വാസം; സുനന്ദ പുഷ്‌കർ കേസില്‍ കുറ്റവിമുക്തനായി