എറണാകുളം: കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വനിത സ്ഥാനാർഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പൂത്തോട്ട ശ്രീ നാരായണ ലോ കോളജിൽ കെഎസ്‌യു പാനലിലുണ്ടായിരുന്ന ഒന്നാം വർഷ നിയമ വിദ്യാർഥിനി പ്രവീണയെയാണ് തട്ടിക്കൊണ്ടുപോയതായി ഉദയംപേരൂർ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിന് പിന്നിൽ എസ്എഫ്ഐ ആണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. സംഭവ സമയം എസ്എഫ്ഐ ജില്ല പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ കാമ്പസിലുണ്ടായിരുന്നു. എസ്എഫ്ഐ സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ കാമ്പസുകളിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് ലോ കോളജിൽ നടന്നത്. ഇത് ഗൗരവമായാണ് കാണുന്നത്. ഇതിനെതിരെ നിയമപരമായ നടപടിയും ശക്തമായ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്നും അലോഷ്യസ് പറഞ്ഞു.
ചൊവ്വാഴ്‌ച(29-11-2022) നടന്ന ക്ലാസ് പ്രതിനിധി തെരെഞ്ഞെടുപ്പിൽ കെഎസ്‌യു, എസ്എഫ്ഐ സംഘടനകൾ ഒമ്പത് സീറ്റ് വീതം നേടിയിരുന്നു. ചെയർമാൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിലേക്ക് നാമനിർദേശം കൊടുക്കേണ്ട സമയത്തിന് മുമ്പായി ക്ലാസ് പ്രതിനിധിയായി വിജയിച്ച കെഎസ്‌യു പ്രവർത്തകയെ സുഹൃത്തായ മറ്റൊരു വിദ്യാർഥിനിയെ ഉപോയിഗിച്ച് ആശുപത്രിയിൽ പോകാനെന്ന വ്യാജേന കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് ആരോപണം.
ഈ സ്ഥാനാർഥിയുടെ അഭാവത്തിലാണ് എസ്എഫ്ഐ വിജയിച്ചതെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് കെഎസ്‌യുവിന്‍റെ ആരോപണം. തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് പ്രിൻസിപ്പലിന് കെഎസ്‌യു പരാതി നൽകിയിരുന്നുവെങ്കിലും അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം കെഎസ്‌യു ബഹിഷ്കരിക്കുകയും ചെയ്‌തിരുന്നു.
വിദ്യാർഥിനിയുടെ പരാതിയിൽ ലോ കോളജിലെ മൂന്ന് വിദ്യാർഥികൾക്കെതിരെയും, കോളജിൽ നിന്നും ആശുപത്രിയിലേക്കെന്ന പേരിൽ വിളിച്ചിറക്കികൊണ്ടു പോയ കൂട്ടുകാരിക്കെതിരെയും ഉദയംപേരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം കെഎസ്‌യു വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് എസ്എഫ്ഐ നിലപാട്.