എറണാകുളം: കാഞ്ഞൂർ, പാറപ്പുറം പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ധാന്യ മില്ലുകളിൽ നിന്ന് വൻ തോതിൽ മാലിന്യം പുറംതള്ളുന്നു. പുറംതള്ളുന്ന മാലിന്യം കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പെരിയാറിനെ മലിനമാക്കുന്നെന്ന് നാട്ടുകാർ.
മാലിന്യം പാട ശേഖരങ്ങളിലെ തോടുകൾ വഴിയാണ് പെരിയാറിലേക്ക് എത്തുന്നത്. മലിനീകരണം മൂലം ഈ പ്രദേശത്തെ കിണറുകൾ നിറം മാറി പാട കെട്ടി ഉപയോഗശൂന്യമായ അവസ്ഥയിലാണ്. വർഷങ്ങളായി തുടരുന്ന മലിനീകരണ പ്രശ്‌നങ്ങൾക്കെതിരെ പലവട്ടം പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കമ്പനികൾക്കെതിരെ പ്രതിഷേധം ഉയർത്തിയ വാർഡ് മെമ്പറുടെയും സമീപവാസികളുടെയും പേരിൽ കമ്പനി ഉടമകൾ കള്ള കേസ് ചുമത്തിയെന്ന് നാട്ടുകാർ പറയുന്നു.
ജനങ്ങളുടെ നിരന്തരമായ പരാതിയിൽ ഹൈക്കോടതി ഉത്തരവിൻ പ്രകാരം മലിനീകരണ നിയന്ത്രണ വകുപ്പും പഞ്ചായത്ത് അധികാരികളും സ്ഥലം സന്ദർശിക്കുകയും റിപ്പോർട്ട് തയ്യാറാക്കി മടങ്ങുകയും ചെയ്തിരുന്നു.