എറണാകുളം: ആരാധന പൗരാവകാശമാണെന്നും ഓരോ ക്ഷേത്രത്തിന്‍റെയും ആചാരങ്ങൾക്കും പാരമ്പര്യത്തിനും വിധേയമായ കാര്യങ്ങളിൽ വ്യക്തി താൽപര്യങ്ങൾക്കോ രാഷ്‌ട്രീയത്തിനോ യാതൊരു പങ്കുമില്ലെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം വെള്ളായണി ഭദ്രകാളി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വെള്ളായണി ക്ഷേത്രത്തിൽ ഫെബ്രുവരി ഏഴിന് ആഘോഷങ്ങളുടെ ഭാഗമായി കാവി നിറത്തിലുള്ള കൊടി തോരണങ്ങൾ കെട്ടിയത് വ്യത്യസ്‌ത രാഷ്‌ട്രീയ പാർട്ടികളുടെ പിന്തുണയുള്ള ഭക്തർ തമ്മിലുള്ള തർക്കത്തിന് കാരണമായിരുന്നു.
കൊടി തോരണങ്ങൾ അഴിച്ചുനീക്കാൻ പിന്നീട് പൊലീസ് നിർദേശിച്ചു. ഏതെങ്കിലും ഒരു പ്രത്യേക നിറം നൽകുന്നതിന് പകരം ബഹുവർണ കൊടി തോരണങ്ങൾ സ്ഥാപിക്കാൻ പൊലീസ് ആവശ്യപ്പെട്ടതായും പ്രാദേശിക സിപിഎം പ്രവർത്തകരുടെ ഇടപെടലാണ് പൊലീസിന്‍റെ നീക്കത്തിന് പിന്നിലെന്നും ഹർജിക്കാർ ആരോപിച്ചു. എന്നാൽ വിഷയത്തിൽ രാഷ്‌ട്രീയ നിഷ്‌പക്ഷ നിറങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ശഠിക്കാൻ പൊലീസിനോ ഭരണകൂടത്തിനോ അധികാരമില്ലെന്ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും പി ജി അജിത്‌കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
also read: വെള്ളായണി ക്ഷേത്രത്തിലെ ഉത്സവം: കൊടിയുടെ നിറത്തില്‍ ഇടപെടല്‍ വേണ്ടെന്ന് ഹൈക്കോടതി
അതേസമയം എല്ലാ കൊടികളും ഫ്ലക്‌സ് ബോർഡുകളും മറ്റ് അലങ്കാര വസ്‌തുക്കളും നീക്കം ചെയ്യാൻ ജില്ല മജിസ്‌ട്രേറ്റ് നിർദേശം നൽകിയതായും പൊതുസ്ഥലങ്ങളിലെ അലങ്കാരത്തിന് മറ്റു നിറങ്ങൾക്കൊപ്പം കാവി നിറം ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് എതിർ സത്യവാങ്‌മൂലത്തിലൂടെ അറിയിച്ചു.