കൊച്ചി: ടെലിഗ്രാം ഇൻസ്റ്റന്റ് മെസേജിങ് മൊബൈൽ അപ്ലിക്കേഷൻ നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ പറുദീസയെന്ന് പൊലീസ് ഹൈക്കോടതിയിൽ. ടെലിഗ്രാം ആപ്ലിക്കേഷൻ വഴി നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഇത് ക്രിമിനലുകളുടെ കേന്ദ്രമായെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ആപ്പിലൂടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇത് തടയുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിനി അധീന സോളമൻ നൽകിയ ഹർജി പരിഗണിക്കവേയാണ് പൊലീസ് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ടെലിഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ കോടതി പൊലീസിന്‍റെ നിലപാട് തേടിയിരുന്നു.
2013 ൽ റഷ്യയിൽ ആരംഭിച്ച ടെലിഗ്രാം ആപ്പിന് ഇന്ത്യയിൽ അനുമതിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ആപ്പ് വഴി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണെന്നും ഇതിനായി ഉടമകൾ സഹകരിക്കുന്നില്ലെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.