എറണാകുളം : ലെസ്ബിയൻ പങ്കാളികളായ (Lesbian couple) മലപ്പുറം (Malappuram) സ്വദേശിനികളായ സുമയ്യ ഷെറിനും (sumayya sherin) അഫീഫയ്ക്കും (afeefa) പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്. അഫീഫയുടെ മാതാപിതാക്കളിൽ നിന്നും കൂട്ടാളികളിൽ നിന്നും പൊലീസ് സംരക്ഷണം തേടി ഇരുവരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണന്‍റെ ഉത്തരവ്. പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫിസർ, കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കാണ് കോടതി നിർദേശം നൽകിയത്.
അഫീഫയെ വീട്ടുകാർ വീണ്ടും തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരുന്നത്. സർക്കാരിന്‍റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി. നേരത്തെ അഫീഫയെ വീട്ടുകാർ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുമയ്യ ഹേബിയസ് കോർപ്പസ് (habeas corpus) ഹർജി സമർപ്പിച്ചിരുന്നു.
എന്നാൽ, കോടതിയിൽ ഹാജരാക്കിയപ്പോൾ വീട്ടുകാർക്കൊപ്പം പോകാനാണ് താത്‌പര്യമെന്ന് അഫീഫ അറിയിക്കുകയായിരുന്നു. ഇതോടെ ഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിക്കുകയും അഫീഫയെ രക്ഷിതാക്കൾക്കൊപ്പം വിടുകയും ചെയ്‌തു. അഫീഫയുടെ ആവശ്യപ്രകാരം ആധാർ കാർഡടക്കമുള്ള രേഖകൾ അന്ന് കോടതി മുറിയിൽ വച്ച് സുമയ്യ കൈമാറുകയും ചെയ്‌തിരുന്നു. പിന്നീട് വിവിധ സംഘടനകളുടെ സംരക്ഷണയിൽ വീണ്ടും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ ഇരുവരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പുതിയ ഹർജി സമർപ്പിക്കുകയായിരുന്നു.
ഹർജിയിലെ തുടർനടപടി അവസാനിപ്പിച്ചു : കോലഞ്ചേരി (Kolenchery) സ്വദേശിനിയായ സുമയ്യയും മലപ്പുറം സ്വദേശിനിയായ അഫീഫയും സ്‌കൂൾ കാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഇവർ തമ്മിൽ പ്രണയത്തിലായത്. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു.
ഇതിനിടയിൽ മെയ് 30ന് അഫീഫയെ മാതാപിതാക്കളും സഹോദരനും ചേർന്ന് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്ന് ആരോപിച്ച് സുമയ്യ കോടതിയെ സമീപിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും സുമയ്യ ആക്ഷേപം ഉന്നയിച്ചു. തുടർന്ന് ഹർജി പരിഗണിച്ച കോടതി പൊലീസിനോട് പെൺകുട്ടിയെ ഹാജരാക്കാൻ ഉത്തരവിട്ടു.
തുടർന്ന് അഫീഫയെ കോടതിയിൽ ഹാജരാക്കി. തുടർന്ന് തടങ്കലിൽ കഴിയുകയാണോയെന്ന് കോടതി അഫീഫയോട് ആരാഞ്ഞു. എന്നാൽ താൻ രക്ഷിതാക്കൾക്കൊപ്പമാണ് എന്നും സുമയ്യയ്‌ക്കൊപ്പം പോകാൻ താത്‌പര്യമില്ല എന്നും അഫീഫ കോടതിയെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾക്കൊപ്പം പോകാൻ തന്നെയാണ് താത്പര്യം എന്നും അഫീഫ കോടതിയെ അറിയിച്ചു.
സുമയ്യയുമായി മുന്‍പ് ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇനി ആ ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും അഫീഫ അന്ന് കോടതിയിൽ പറഞ്ഞു. തുടർന്ന് ഹൈക്കോടതി അഫീഫയെ രക്ഷിതാക്കൾക്കൊപ്പം വിടുകയായിരുന്നു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ശോഭ അന്നമ്മ ഈപ്പൻ എന്നിവരാണ് അന്ന് ഹർജി പരിഗണിച്ചത്.