എറണാകുളം : പൊലീസ് മർദ്ദനത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ചങ്ങനാശേരി സ്വദേശികളായ ഷാൻമോൻ ,സഹോദരൻ സജിൻ രജീബ് എന്നിവരെ നൂറനാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ചെന്ന ഹർജിയിൽ ആലപ്പുഴ ജില്ല പൊലീസ് മേധാവിയോട് ഹൈക്കോടതി വിശദീകരണം തേടി.
നൂറനാട് ചുനക്കര സ്വദേശിക്ക് ഫർണിച്ചർ വിറ്റതുമായി ബന്ധപ്പെട്ട തർക്കത്തിൽ പൊലീസ് തങ്ങളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചെന്നും ഇത് മൊബൈലിൽ പകർത്തിയതിനെത്തുടർന്ന് പക പോക്കാൻ കള്ളക്കേസ് ചുമത്തി റിമാൻഡ് ചെയ്തെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് സഹോദരൻമാരെ റിമാൻഡ് ചെയ്ത സംഭവത്തിലൂടെ പൊലീസ് ജുഡീഷ്യൽ സംവിധാനത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് കോടതി വിമർശിച്ചു. കേസിൽ എതിർ കക്ഷികളായ എസ്.ഐയടക്കമുള്ള പൊലീസുകാർക്ക് നോട്ടീസ് നൽകാനും സിംഗിൾബഞ്ച് നിർദ്ദേശിച്ചു.
ALSO READ ആധാറും തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കും ; ബില്‍ ലോക്‌സഭയില്‍ പാസായി
തങ്ങളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. നൂറനാട് എസ്.ഐ വി.ആർ. അരുൺ കുമാർ, പൊലീസുകാരായ ഷാനവാസ്, ശ്രീകുമാർ, റജികുമാർ, മനോജ് തുടങ്ങിയവർക്കെതിരെ നടപടി വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പൊലീസ് സ്റ്റേഷനിൽ തങ്ങൾക്ക് മർദ്ദനം ഏൽക്കുന്നതിന്റെ മൊബൈൽ ദൃശ്യങ്ങളും ,തുടർന്ന് പൊലീസുകാർ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും ഹാജരാക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഹർജി ഡിസംബർ 23 നു ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ALSO READ ലോകത്തെ ആദ്യ 'ടെസ്‌ല ബേബി'; ഇലക്‌ട്രിക് കാറിന്‍റെ മുന്‍ സീറ്റില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി