എറണാകുളം: സ്വന്തമായി ലോക്കറില്ലാത്ത ജ്വല്ലറി ഉടമകളിൽ നിന്നും പണ്ടങ്ങൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടാമനും പൊലീസ് പിടിയിൽ. ബിഹാറില പാറ്റ്ന ജില്ല സ്വദേശി രാജീവ് ഠാക്കൂർ (32) ആണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂർ, മാറമ്പിള്ളി എന്നിവിടങ്ങളിലെ ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് 50 പവൻ സ്വർണവും ആറ് കിലോ വെള്ളിയും സംഘം കവർന്നിരുന്നു. സംസ്ഥാനത്തെ നിരവധി ജ്വല്ലറികളിൽ സംഘം കവർച്ച നടത്തിയിട്ടുണ്ട്. സംഘത്തലവനായ ഒഡീഷ സ്വദേശി ദാസ് സഹിലിനെ(23) രണ്ട് ദിവസം മുമ്പ് ഒഡീഷയില്‍ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസമാണ് രണ്ട് ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടന്നത്. പിടിയിലായ പ്രതി നൽകിയ സൂചനയിൽ കിഴക്കമ്പലത്ത് നിന്നാണ് രണ്ടാമൻ പിടിയിലായത്. രാജീവ് ഠാക്കൂറാണ് മോഷണ സംഘത്തിന് കിഴക്കമ്പലത്ത് താമസ സൗകര്യമൊരുക്കിയത്. കൊള്ള മുതലുമായി പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതും രാജീവാണ്. സഹായിച്ചതിന്‍റെ പ്രതിഫലമായി മോഷണ സംഘം നൽകിയ രണ്ട് സ്വർണ മോതിരങ്ങൾ പ്രതിയുടെ പേഴ്സിൽ നിന്ന് പൊലീസ് കണ്ടെടുത്തു.