എറണാകുളം: യുഡിഎഫിന്‍റെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗിനെ പുകഴ്‌ത്തി ആര്‍എസ്എസ്. മുസ്‌ലിം ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് കാണുന്നതെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹക് പി എൻ ഈശ്വരൻ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന് വര്‍ഗീയ താത്‌പര്യങ്ങളുണ്ടെങ്കിലും തീവ്രവാദ പാര്‍ട്ടികളുടെ നിലപാടില്ലെന്നും പിഎന്‍ ഈശ്വരന്‍ പറഞ്ഞു.
മുസ്‌ലിം ലീഗുമായി ചര്‍ച്ച നടത്തി: മുസ്‌ലിം ലീഗിനെ രാഷ്‌ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ആര്‍എസ്‌എസ് അംഗീകരിക്കുന്നു. മലപ്പുറത്ത് വച്ച് സിറ്റിങ് എംഎല്‍എയുമായി ചര്‍ച്ച നടത്തിയെന്നും പിഎന്‍ ഈശ്വരന്‍ വാര്‍ത്ത സമ്മേളനത്തില്‍ വെളിപ്പെടുത്തി. കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുമായി ആർഎസ്എസ് ചര്‍ച്ചയ്ക്ക് തയ്യാറാണ്. ക്രിസ്ത്യന്‍ സമൂഹത്തിന് ഇടയില്‍ ആര്‍എസ്എസിനെ കുറിച്ച് ഭയമുള്ള സാഹചര്യമില്ല. സഭ നേതൃത്വവുമായി ആശയ വിനിമയം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ നടന്ന ബൗദ്ധിക ചര്‍ച്ച: സംസ്ഥാന - ജില്ല തലത്തില്‍ ഇതിനായി പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിട്ടുണ്ടെന്നും ആർഎസ്എസ് നേതൃത്വം വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ മുസ്‌ലിം ന്യൂനപക്ഷം ഇതുവരെ ചര്‍ച്ചയ്‌ക്ക് തയ്യാറായി മുന്നോട്ട് വന്നിട്ടില്ലെന്നും തയ്യാറായി വന്നാല്‍ അവരുമായും സംഘടന ചര്‍ച്ച നടത്തുമെന്നും പറഞ്ഞു. ഡല്‍ഹിയില്‍ നടന്നത് സംഘടനാപരമായ ചര്‍ച്ചയല്ല. ബൗദ്ധിക തലത്തിലുള്ള സംവാദമാണെന്നും പി എന്‍ ഈശ്വരന്‍ വ്യക്തമാക്കി.
More Read:- ആർഎസ്എസ് - ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച; വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ടി ആരിഫലി
ജമാഅത്തെ ഇസ്‌ലാമിയുമായി ഒറ്റയ്ക്ക് ചര്‍ച്ച നടത്തിയില്ല: ഇങ്ങോട്ട് ആവശ്യപ്പെട്ട പ്രകാരമായിരുന്നു ചര്‍ച്ച നടത്തിയത്. ജമാഅത്തെ ഇസ്‌ലാമിയുമായല്ല ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്‌ക്ക് എത്തിയ മുസ്‌ലിം ബുദ്ധിജീവി സംഘത്തില്‍ ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിയും ഉണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിന്‍റെ തീവ്ര നിലപാടുകളില്‍ മാറ്റമുണ്ടായാല്‍ മാത്രമെ അവരുമായി ചര്‍ച്ച നടത്തുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ നിലപാട് തുടര്‍ന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല.
More Read:- ആര്‍എസ്‌എസ് - ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചാവിവാദം: ആര് വിതച്ചു? ആര് കൊയ്തു?
ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെ: ഭാരതം ഹിന്ദു രാഷ്ട്രമാണെന്നും അത് നിയമപരമായി ആക്കേണ്ടതില്ലെന്നും പ്രാന്ത കാര്യവാഹക് പി എൻ ഈശ്വരൻ പറഞ്ഞു. ഹിന്ദു രാഷ്ട്രമായി നിലനിര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആർ.എസ്.എസ് വിരുദ്ധ പ്രസംഗ നടത്തുന്നത് ഭയം മൂലമാണെന്നും അദ്ദേഹം ആരോപിച്ചു. ആർ എസ് എസ് പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാമും കൊച്ചിയിൽ ആർ.എസ്.എസ് കാര്യാലയത്തിൽ നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
also read: 'ആര്‍എസ്എസ് ചര്‍ച്ചാവിവാദം' വിടാതെ എം.വി ഗോവിന്ദൻ: ലീഗിനും കോണ്‍ഗ്രസിനും വിമര്‍ശനം