എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവത്തെ സന്ദർശനത്തിനായി ഇന്ന്(01.09.2022) കൊച്ചിയിലെത്തും. വൈകുന്നേരം നാല് മണിയോടെയാണ് പ്രധാനമന്ത്രി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുക. മെട്രോയുടെ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.
മെട്രോ ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി ദീർഘിപ്പിച്ച പേട്ട തൃപ്പൂണിത്തുറ മെട്രോ പാതയുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. എറണാകുളം ജങ്‌ഷൻ, എറണാകുളം ടൗൺ, കൊല്ലം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും നിർവഹിക്കും. ഇരട്ടിപ്പിച്ച കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം പാതയും, കൊല്ലം-പുനലൂർ പാതയുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും.
സുപ്രധാനമായ ഈ ചടങ്ങുകളെല്ലാം സിയാൽ കൺവെൻഷൻ സെന്‍ററിൽ വച്ചാണ് നടക്കുക. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് നാളെ(02.09.2022) പ്രധാനമന്ത്രി കമ്മിഷൻ ചെയ്യും. വെള്ളിയാഴ്‌ച(02.09.2022) രാവിലെ 9.30 മുതൽ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്‍റെ കമ്മിഷൻ ചടങ്ങുകൾ നടക്കുക.
ഇന്ന്(01.09.2022) നെടുമ്പാശ്ശേരിയിൽ നടക്കുന്ന ബിജെപി പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിക്കും. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി മംഗലാപുരത്തേക്ക് തിരിക്കും.