എറണാകുളം: രാജ്യം ഫാസിസ്റ്റ് പ്രവണതകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുട നേതൃത്വത്തിൽ കൊച്ചിയിൽ 'അരുത് സ്ത്രീ വേട്ട, പൊരുതാം സ്ത്രീ സുരക്ഷയ്ക്കായി' എന്ന പേരിൽ നടന്ന പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ ശ്രീമതി.
രാജ്യത്ത് നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി സമരം നടത്തുന്ന സാഹചര്യത്തിലാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രതിഷേധറാലി സംഘടിപ്പിച്ചത്. എറണാകുളം മേനകയിൽ നിന്നാരംഭിച്ച റാലി രാജേന്ദ്ര മൈതാനിയിൽ സമാപിച്ചു. സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും പി.കെ ശ്രീമതി പറഞ്ഞു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ അധ്യക്ഷനായിരുന്ന പരിപാടിയിൽ സിപിഎം നേതാക്കളായ ജോൺ ഫെർണാണ്ടസ്, എം.എൽ.എ ദിനേശ് മണി തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.