എറണാകുളം: ലീഗും സമസ്‌തയും തമ്മിലുള്ള പ്രശ്‌നത്തിൽ (Muslim League Samstha Clash) പിഎംഎ സലാമിനെ തള്ളി പികെ കുഞ്ഞാലിക്കുട്ടി (PK Kunhalikutty Opposed PMA Salam). പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എസ്‌കെഎസ്‌എസ്എഫിന്‍റെ അധ്യക്ഷനായിരുന്ന കാലത്തെ പ്രാധാന്യം നിലവിലെ അധ്യക്ഷനായ ഹമീദലി തങ്ങൾക്കില്ലെന്ന സലാമിന്‍റെ പരാമർശമാണ് കുഞ്ഞാലിക്കുട്ടി തള്ളിക്കളഞ്ഞത്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നം അവസാനിച്ചുവെന്ന് പ്രതികരണം: പിഎംഎ സലാം പറഞ്ഞത് തെറ്റിദ്ധാരണ കൊണ്ടാണ്. സലാമിന് അതേകുറിച്ച് അറിയാത്തത് കൊണ്ടാണ്. എല്ലാ കാലത്തും രണ്ട് സംഘടനകളെ ഒരുമിച്ച് കൊണ്ടുപോയ പാരമ്പര്യമാണ് സാദിഖലി തങ്ങൾക്കുള്ളത്. അതേ പാരമ്പര്യമാണ് ഹമീദലി ശിഹാബ് തങ്ങളും ചെയ്യുന്നത്. ഹമീദലി തങ്ങളുമായി താൻ സംസാരിച്ചിട്ടുണ്ടന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം ലീഗും സമസ്‌തയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചതായി പികെ കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.
രണ്ട് സംഘടനകള്‍ക്കും പരമ്പരാഗതമായുള്ള ബന്ധമാണ്. പാണക്കാട് കുടുംബത്തിന് സമസ്‌തയുമായുള്ള ബന്ധത്തിന് ഒരു മാറ്റവും വരില്ലെന്ന് രണ്ട് സംഘടനകളുടെയും പ്രസിഡന്‍റുമാരും സംയുക്തമായി പറഞ്ഞാൽ അത് പ്രശ്‌നത്തിന്‍റെ അവസാനമാണ്. ഇനി മറ്റ് വ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രസ്‌താവന യുദ്ധങ്ങളില്‍ വിശദീകരണം: സമസ്‌തയിലുള്ളത് ഭൂരിപക്ഷവും ലീഗുകാരാണ്. ലീഗിലുള്ളത് ഭൂരിപക്ഷവും സമസ്‌തക്കാരാണ്. മതവിശ്വാസവുമായി ബന്ധപ്പെട് സമസ്‌ത പറയുന്ന കാര്യങ്ങൾ സ്വീകരിക്കുന്ന പാരമ്പര്യം ലീഗിനുണ്ട്. അതിൽ വ്യത്യസ്‌തമായ അഭിപ്രായം സ്വീകരിക്കുന്നവരും ലീഗിലുണ്ട്. രണ്ട് സംഘടനകളാവുമ്പോൾ സംഘടനാപരമായ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നും ഇത് കാലാകാലങ്ങളിൽ ഉണ്ടാക്കുകയും പിന്നീട് അത് ചർച്ചകളിലൂടെ തീരുകയും ചെയ്യുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രസ്‌താവന യുദ്ധങ്ങൾ ഇനിയുണ്ടാകില്ല. ഞാൻ ഇന്ന് സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ കാലത്തും ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. സമസ്‌തയിൽ പ്രവർത്തിച്ച പാരമ്പര്യം സാദിഖലി ശിഹാബ് തങ്ങൾക്കുണ്ട്. പഴയ കാര്യങ്ങളിൽ ഇനി മറുപടി പറയാനില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. തെരഞ്ഞെടുപ്പുകൾ വരും പോകും ലീഗും സമസ്‌തയും തമ്മിലുള്ള ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരണം: പൗരത്വ നിയമ ഭേദഗതിയിലും അദ്ദേഹം പ്രതികരിച്ചു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ലീഗിന്‍റെ കേസ് സുപ്രീംകോടതിയിലുണ്ട്. ആ കേസിൽ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ പറഞ്ഞത് ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ്. നടപ്പിലാക്കുന്നുവെങ്കിൽ കോടതിയെ അറിയിക്കേണ്ടിവരുമെന്നും കോടതിയിൽ പരിഗണനയിലിരിക്കുന്ന കേസായതിനാൽ പെട്ടന്ന് നടപ്പാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വം എന്നത് ഇന്ത്യയിലെ എല്ലാ പൗരൻമാർക്കുമുള്ളതാണ്. അതിൽ ജാതീയമായ വേർതിരിവ് ശരിയല്ല. പാർലമെന്‍റിൽ എല്ലാ മതേതര കക്ഷികളും എടുത്ത നിലപാടാണിത്. പൗരത്വ നിയമം നടപ്പിലാക്കാൻ ശ്രമിച്ചാൽ രാജ്യത്ത് ശക്തമായ എതിർപ്പുയർന്ന് വരും. ഇലക്ഷൻ പ്രചാരണത്തിനായി പറയുന്നുവെന്നല്ലാതെ നടപ്പിലാക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും മറ്റു പ്രദേശത്ത് നിന്ന് വന്നവർക്ക് പൗരത്വം കൊടുക്കുമ്പോൾ അതിന്‍റെ മെറിറ്റ് നോക്കി കൊടുക്കണം അല്ലാതെ ജാതിയും മതവും നോക്കി ചെയ്യരുതെന്നാണ് ഇന്ത്യ മുന്നണിയുടെ നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടപ്പിലാക്കാൻ ശ്രമിച്ചാൽ നോക്കാമെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.