എറണാകുളം: ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തു. സാക്ഷിയെന്ന നിലയിലാണ് ഇ.ഡി കുഞ്ഞാലിക്കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനായിരുന്നു നോട്ടീസ് നൽകിയത്. എന്നാൽ രാവിലെ എത്താൻ അസൗകര്യമുണ്ടെന്ന് അറിയിച്ച ശേഷം വൈകിട്ട് നാല് മണിയോടെയാണ് അദ്ദേഹമെത്തിയത്.
മൊഴി നൽകുന്നതിൽ അഭിമാനിക്കുന്നു: കുഞ്ഞാലിക്കുട്ടി
ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജ വാർത്തകളിൽ വ്യക്തത വരുത്താൻ ആണ് ഇ.ഡി വിളിപ്പിച്ചതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സാക്ഷി എന്ന രീതിയിൽ മൊഴി നൽകാനാണ് എത്തിയത്. വളരെ വ്യക്തമായി മാനേജ്‌മെന്‍റിന്‍റെ ഭാഗമായി കാര്യങ്ങൾ വിശദീകരിക്കാൻ കഴിയും. അതിൽ വലിയ വിഷയമില്ല.
രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്ന് വേണമെങ്കിൽ പറയാം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പറയാനില്ല. ചന്ദ്രിക പത്രത്തിന്‍റെ കാര്യത്തിൽ മൊഴി കൊടുക്കുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നേരത്തെ സെപ്‌റ്റംബർ മൂന്നിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിക്ക് ഇ.ഡി നോട്ടിസ് നൽകിയിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സെപ്‌റ്റംബർ 16ന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്.
അതേസമയം ചന്ദ്രികയുടെ ഫിനാൻസ് മാനേജർ സമീറിന്‍റെ മൊഴിയും ഇന്ന് രാവിലെ ഇ.ഡി രേഖപ്പെടുത്തി. നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപത്രത്തിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ ഹൈക്കോടതി നിർദേശപ്രകാരം നിലവിൽ ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്.
ഇത് പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ നിന്നുള്ള അഴിമതിപ്പണം ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചതാണെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ ചന്ദ്രികയെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന് കെ.ടി. ജലീൽ ആരോപിച്ചിരുന്നു.
ALSO READ:'ഹരിത' വിഷയം ; പാർട്ടി തീരുമാനത്തിനൊപ്പമെന്ന് എം കെ മുനീർ
ചന്ദ്രിക പത്രത്തിന്‍റെ പബ്ലിഷർ എന്ന നിലയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി. നേരത്തേ ചോദ്യം ചെയ്തിരുന്നു. ഈ വിവരം പുറത്തുവിട്ടായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ ആഞ്ഞടിച്ചത്. ഇതോടെയാണ് ഇ.ഡിയുടെ അന്വേഷണ പരിധിയിലേക്ക് പ്രതിപക്ഷ ഉപനേതാവ് കൂടിയായ കുഞ്ഞാലിക്കുട്ടി കൂടി എത്തിയതെന്നാണ് സൂചന.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുയീൻ അലിയോട് വെള്ളിയാഴ്‌ച ഹാജരാകാൻ ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്.