എണാകുളം : ആറ്റിങ്ങലിൽ പിങ്ക് പൊലീസ് എട്ട് വയസുകാരിയെ അപമാനിച്ച സംഭവത്തിൽ സർക്കാർ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. കോടതി ചിലവിലേക്ക് ഇരുപത്തായ്യായിരം രൂപയും നൽകണം. കുറ്റക്കാരിയായ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ഹൈക്കോടതി സിംഗിൾ ബഞ്ച് ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
ക്രമസമാധാന ചുമതലയിൽ നിന്ന് പൊലീസുകാരിയെ മാറ്റിനിർത്തണം. പൊതു ജനങ്ങളോട് എങ്ങനെ മാന്യമായി പെരുമാറണം എന്നതിനെ കുറിച്ച് പൊലീസുകാരിക്ക് പരിശീലനം നൽകണമെന്നും കോടതി വ്യക്തമാക്കി. സർക്കാർ നിലപാട് പൂർണമായും തള്ളിയാണ് കോടതി വിധി. ഈ വിഷയത്തിൽ സർക്കാർ വിശദീകരണം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
ALSO READ സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ രോഗബാധിതര്‍ 24
സർക്കാർ സംഭവത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുക്കണമെന്നായിരുന്നു കോടതി നിലപാട്. എന്നാല്‍ കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥക്കെതിരെ പരമാവധി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനപ്പുറം എന്തെങ്കിലും നടപടികൾ നിയമപ്രകാരം ഉദ്യോഗസ്ഥയ്‌ക്കെതിരെ എടുക്കാൻ കഴിയില്ലെന്നുമായിരുന്നു സർക്കാർ നിലപാട്.
പെൺകുട്ടിയോട് ഉദ്യോഗസ്ഥ മോശമായ രീതിയിൽ സംസാരിച്ചിട്ടില്ല എന്ന നാല് ദൃക്സാക്ഷികളുടെ മൊഴിയുൾപ്പടെയാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. എന്നാല്‍ ഈ റിപ്പോർട്ടിൽ കോടതി അതൃപ്തി അറിയിക്കുകയായിരുന്നു. സംഭവം നടന്നിട്ടില്ലന്നാണോ സർക്കാർ പറയുന്നതെന്ന് കോടതി ചോദിച്ചിരുന്നു. കുട്ടി കരഞ്ഞത് എന്തിനെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
നഷ്ട്ടപരിഹാരം നൽകാനാകില്ലെന്നും പൊലീസുകാരിക്കെതിരെ നിയമപ്രകാരം നടപടി സ്വീകരിച്ചുവെന്നുമുള്ള സർക്കാർ നിലപാടുകള്‍ തള്ളിയാണ് ഹൈക്കോടതി വിധി.
ALSO READ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം: നിജസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി