എറണാകുളം: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan against Rajeev Chandrasekhar). കളമശ്ശേരിയിൽ സ്ഫോടനം (Kalamassery blast) നടന്ന കൺവെൻഷൻ സെന്‍ററും പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി (Chief Minister visited those injured in the Kalamassery blast).
രാജീവ് ചന്ദ്രശേഖറിന് എന്ത് പറ്റി എന്ന് ചോദിക്കേണ്ട കാര്യമില്ല. അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണം. കേന്ദ്ര ഏജൻസികൾ അടക്കം ഇവിടെ എത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവമായി കാണാതെ ഒരു രാജ്യത്തിന്‍റെ പൊതുവായ സംഭവമായി കാണണം. രാജീവ് ചന്ദ്രശേഖർ വിഷമല്ലെന്നും, കൊടും വിഷമാണന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഒരു വിടുവായൻ പറയേണ്ട കാര്യങ്ങൾ ഒരു കേന്ദ്രമന്ത്രിയിൽ നിന്ന് ഉണ്ടാകേണ്ടതല്ല. അദ്ദേഹത്തിന്‍റെ കൂട്ടാളികളും പലതും പ്രചരിപ്പിക്കുന്നു. അദ്ദേഹത്തിന് കേരളത്തെയും എൽഡിഎഫിനെയും കുറ്റം പറയേണ്ടതുണ്ട്. എന്നെ വ്യക്തിപരമായും കുറ്റപ്പെടുത്താൻ താത്‌പര്യം ഉണ്ടാകും എന്നാൽ കേരളത്തിന്‍റെ പൊതു താത്‌പര്യമാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എല്ലാ ആശുപത്രികളും സന്ദർശിച്ചു. അപകടം സംഭവിക്കുമ്പോൾ എങ്ങനെ പെരുമാറണമെന്ന മുന്നറിയിപ്പ് യോഗത്തിൽ നൽകിയിരുന്നതായി ആശുപത്രിയിൽ ഉള്ളവർ പറഞ്ഞു. അതുകൊണ്ട് തന്നെ അപകട സ്ഥലത്തുനിന്ന് പെട്ടെന്ന് അവർക്ക് മാറാൻ കഴിഞ്ഞു. ആശുപത്രിയിൽ കഴിയുന്ന ചിലരുടെ നില ഗുരുതരാവസ്ഥയാണ്. എന്നാൽ ഡോക്‌ടർമാർക്ക് പ്രതീക്ഷയുണ്ട്.
എല്ലാ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മാർട്ടിൻ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കും. ഡിജിപി അടക്കമുള്ളവർ ക്യാമ്പ് ചെയ്‌ത് കാര്യങ്ങൾക്ക് നേതൃത്വം നൽകും. മാർട്ടിൻ പറഞ്ഞതിനപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കും. അത് അന്വേഷണത്തിന്‍റെ ഭാഗമാണ് അടഞ്ഞ അധ്യായമല്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹമാസിന്‍റെ പ്രതിനിധി ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തതിൽ സാധാരണ ഗതിയിൽ അല്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ പോലീസ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കളമശ്ശേരി സംഭവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ ആരും പ്രചരിപ്പിക്കരുത്. സർവകക്ഷി യോഗത്തോട് മികച്ച പ്രതികരണമാണ് സമൂഹത്തിനുള്ളത്. മാധ്യമങ്ങൾ മികച്ച രീതിയിൽ ഈ വിഷയം കൈകാര്യം ചെയ്‌തതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെത്തിയ മുഖ്യമന്ത്രി കളമശ്ശേരി സെന്‍റ് പോൾസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങി സംഭവം നടന്ന സംറ കൺവെൻഷൻ സെന്‍ററിലേക്കാണ് ആദ്യം പോയത്. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തു. ആലുവ രാജഗിരി സൺ റൈസ്, ആസ്റ്റർ മെഡിസിറ്റി ആശുപത്രികളിൽ കഴിയുന്ന പരിക്കേറ്റവരെയും മുഖ്യമന്ത്രി സന്ദർശിച്ചു. ഡിജിപി ഉൾപ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകനയോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. തുടർന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയത്.