എറണാകുളം: പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകനും അഭിഭാഷകനുമായ എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിനെ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു. കൊച്ചി എൻഐഎ കോടതിയാണ് അഞ്ച് ദിവസത്തെ കസ്‌റ്റഡി അനുവദിച്ചത്. പോപ്പുലർ ഫ്രണ്ടിന്‍റെ രഹസ്യ വിഭാഗത്തിന്‍റെ ഭാഗമായി പ്രവർത്തിച്ചിരുന്ന അഡ്വക്കേറ്റ് മുബാറക്കിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
എൻഐഎ കസ്‌റ്റഡിയിൽ വിശദമായി പ്രതിയെ ചോദ്യം ചെയ്യലിന് വിധേയമാക്കും. നിയമോപദേശകൻ്റെ മറവിൽ അഡ്വ. മുബാറക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകിയെന്നാണ് എൻഐഎയുടെ ആരോപണം. ആർക്കെല്ലാം ആയുധപരിശീലനങ്ങൾ നൽകിയിട്ടുണ്ടെന്നും, എവിടെ വച്ചാണ് പരിശീലനം നൽകിയത് തുടങ്ങിയ കാര്യങ്ങളിൽ എൻഐഎ വ്യക്തത വരുത്തും.
എടവനക്കാടുള്ള മുബാറക്കിന്‍റെ വീട്ടിൽ എന്‍ഐഎ നടത്തിയ റെയ്‌ഡിനെ തുടർന്നായിരുന്നു ഇയാളെ കസ്‌റ്റഡിയിൽ എടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. കോടതി നേരത്തെ ജനുവരി 13 വരെ പ്രതിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരുന്നു. മുബാറക്ക് പോപ്പുലർ ഫ്രണ്ടിന്‍റെ ഹിറ്റ് ലിസ്‌റ്റിലുള്ളവരെ വധിക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘത്തിലെ അംഗമാണെന്നും എൻഐഎ റിമാന്‍ഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന വ്യാപകമായി എൻഐഎ നടത്തിയ റെയ്‌ഡിനെ തുടർന്ന് കസ്‌റ്റഡിയിലെടുത്ത നാല് മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ അഡ്വക്കേറ്റ് മുബാറക്കിനെ മാത്രമായിരുന്നു അറസ്‌റ്റ് ചെയ്‌തത്. പോപ്പുലർ ഫ്രണ്ടിന്‍റെ രണ്ടാം നിര നേതാക്കളുടെ വീടുകളിലായിരുന്നു കഴിഞ്ഞ വ്യാഴാഴ്‌ച (26.12.2022) പുലർച്ചെ രണ്ട് മണി മുതൽ മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലായിരുന്നു റെയ്‌ഡ് നടത്തിയത്.
എറണാകുളം ജില്ലയിൽ മാത്രം ഒരു ഡസൻ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഞാറക്കൽ, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. നിലവിൽ റിമാന്‍ഡിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളെ തുടർന്നാണ് രണ്ടാം നിര നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയത്. നിരോധനത്തെ നേരിടാൻ മുൻനിര നേതാക്കൾ പിടിയിലായാൽ രണ്ടാംനിര നേതാക്കൾ സംഘടന നയിക്കുകയെന്ന തന്ത്രം പോപ്പുലർ ഫ്രണ്ട് സ്വീകരിക്കുന്നതായാണ് ദേശീയ അന്വേഷണ ഏജൻസി സംശയിക്കുന്നത്.