എറണാകുളം: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്‍റെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർത്താലിനിടെയുണ്ടായ ആക്രമണത്തിൽ നഷ്‌ടപരിഹാരം ഈടാക്കുന്നതിന്‍റെ ഭാഗമായി സംഘടന ഭാരവാഹികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
സ്വത്തുക്കൾ കണ്ടുകെട്ടാനായി റവന്യൂ വകുപ്പിന് നിർദേശം നൽകിയെന്നാണ് കഴിഞ്ഞ ദിവസം സർക്കാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ട് മിന്നൽ ഹര്‍ത്താലിൽ 86 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്നും സ്വകാര്യ വ്യക്തികൾക്ക് 16 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
നഷ്‌ടം ഈടാക്കാനായി പിഎഫ്ഐയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുല്‍ സത്താറിന്‍റെ അടക്കം സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനായി റവന്യൂ വകുപ്പിന് നിർദേശം നൽകി. നടപടി റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രേഷൻ, നികുതി വകുപ്പുകളോട് നിർദേശിച്ചിട്ടുണ്ട്. മുൻ ജില്ല ജഡ്‌ജി പിഡി ശാരംഗധരനെ ക്ലെയിംസ് കമ്മിഷണറായി നിയമിച്ച് ഉത്തരവിറങ്ങി.
കമ്മിഷണർക്കു വേണ്ട സഹായങ്ങൾ ബന്ധപ്പെട്ട ജില്ല കലക്‌ടർ നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഹർത്താൽ ആക്രമണ കേസുകളിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ജാമ്യം ലഭിക്കണമെങ്കിൽ നഷ്‌ടപരിഹാരം കെട്ടിവയ്ക്കണമെന്ന കോടതി നിർദേശവും നടപ്പിലാക്കിയെന്നും സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കി.
പിഎഫ്ഐ ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ 5.2 കോടി രൂപ നഷ്‌ടപരിഹാരത്തുക രണ്ടാഴ്‌ചയ്ക്കുള്ളിൽ കെട്ടിവയ്ക്കാന്‍ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സെപ്റ്റംബർ 29നാണ് ഇടക്കാല ഉത്തരവിട്ടത്. തുക കെട്ടിവച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി നിർദേശിച്ചിരുന്നു.