എറണാകുളം: പെട്രോളും (Petrol Price) ഡീസലും (Diesel Price) ജി.എസ്.ടി (GST) പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം തള്ളിയതിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയിൽ സാവകാശം തേടി. വിശദീകരണം നൽകാൻ ജി.എസ്.ടി കൗൺസിലിന് കോടതി 10 ദിവസം കൂടി കോടതി അനുവദിച്ചു. ഹർജിക്കാരുടെ നിവേദനം കേന്ദ്ര സർക്കാരിന് അയക്കാനും തീരുമാനമെടുക്കാനും കോടതി (High Court of Kerala) നേരത്തെ നിർദേശിച്ചിരുന്നു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഇന്ധനത്തിന് പല വിലയാണെന്നും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിലൂടെ വില ഏകീകരിക്കാൻ കഴിയുമെന്നുമാണ് ഹർജിക്കാരുടെ വാദം. ജി.എസ്.ടി കൗൺസിൽ നിവേദനം തള്ളിയതിനെ തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മതിയായ കാരണം പറയാതെയാണ് നിവേദനം തള്ളിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ALSO READ: Red Alert Sabarimala| ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല; പമ്പയില്‍ റെഡ് അലര്‍ട്ട്
പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ പരിഗണനയിലുള്ളത്. ജി.എസ്.ടിയിൽ ഉൾപ്പെടുത്താത്തതിന്‍റെ കാരണം വ്യക്തമാക്കി 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ജി.എസ്.ടി കൗൺസില്‍ വീണ്ടും സാവകാശം തേടുകയായിരുന്നു.